കൊറോണ; ഐപിഎല്‍ നീട്ടി വച്ചത് വളരെ മികച്ച തീരുമാനം: സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഐപിഎല്‍ നീട്ടി വയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ പ്രശംസിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കൊറോണ പടരുന്ന സാഹചര്യത്തില്‍ വളരെ മികച്ച തീരുമാനമാണ് ബിസിസിഐ കൈക്കൊണ്ടിരിക്കുന്നതെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ബോര്‍ഡിന് അഭിനന്ദനങ്ങള്‍. കാരണം ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം തീര്‍ച്ചായും എടുക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരങ്ങളാണ് ഓരോ മല്‍സരങ്ങളും കാണാനെത്തുന്നത്, കൂടാതെ ഹോട്ടല്‍ ലോബികളിലും വിമാനത്താവളങ്ങളിലുമെല്ലാം ഒരുപാട് ആളുകള്‍ തടിച്ചുകൂടും. ഒരുപാട് ജനങ്ങള്‍ വിമാനങ്ങളിലും യാത്ര ചെയ്യും. ഇക്കൂട്ടത്തില്‍ രോഗബാധയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ബിസിസിഐ സ്വീകരിച്ച ഏറ്റവും ബുദ്ധിപരമായ തീരുമാനമാണ് ഇതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 15ന് ആയിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക. അതോടൊപ്പം തന്നെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പര റദ്ദാക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു.

Top