IPL 2021: ‘ആരാധകരോട് മാപ്പ്’ ;കെകെആറിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ഷാരൂഖ് ഖാന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എന്തുകൊണ്ട് മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടം നേടി എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത് 152 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങിയിട്ടും 10 റണ്‍സിന്റെ ജയം നേടാന്‍ മുംബൈക്ക് സാധിച്ചുവെന്നത് ടീമിന്റെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് കെകെആര്‍ കളി കൈവിട്ടത്.

ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നീ വന്മരങ്ങള്‍ ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടത്. എന്നാല്‍ വിജയ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. ഇപ്പോഴിതാ കെകെആറിന്റെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍. ‘നിരാശപ്പെടുത്തുന്ന പ്രകടനം.കെകെആറിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു’-എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.

Top