ഐപിഎല്ലില്‍ ഇന്ന് മുംബൈ ഹൈദരാബാദ് പോരാട്ടം

ദില്ലി: കൊവിഡ് ഭീഷണിയിലായ ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും വീണ്ടും നേര്‍ക്കുനേര്‍. ഡല്‍ഹിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കുശേഷം ചെന്നൈക്കെതിരെ പൊരുതി നേടിയ ജയത്തോടെ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.

സീസണില്‍ ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈ ജയിച്ചത് 13 റണ്‍സിനായിരുന്നു. അന്നത്തെ തോല്‍വിക്ക് പുതിയ നായകന്‍ കെയ്ന്‍ വില്യംസണിലൂടെ മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. ഏഴ് കളിയില്‍ ആറിലും തോറ്റതോടെയാണ് ഡേവിഡ് വാര്‍ണര്‍ക്ക് ക്യാപ്റ്റന്‍സിക്കൊപ്പം, ടീമിലെ സ്ഥാനംപോലും നഷ്ടമായത്.

ജോണി ബെയ്ര്‍‌സ്റ്റോയെയും സ്പിന്നര്‍ റഷിദ് ഖാനെയും മാറ്റിനിര്‍ത്തിയാല്‍ ഹൈദരാബാദ് നിരയില്‍ ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ സമ്പൂര്‍ണ പരാജയമാണ്. ചെന്നൈയെ തോല്‍പിച്ചെത്തുന്ന മുംബൈയ്ക്ക് രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും നല്‍കുന്ന തുടക്കമാവും നിര്‍ണായകമാവുക.

സൂര്യകുമാര്‍ യാദവും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരുംകൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര ഭദ്രം. രാഹുല്‍ ചഹറിന്റെ സ്പിന്‍ മികവിനൊപ്പം ജസ്പ്രീത് ബുംറയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും അതിവേഗ പന്തുകളിലും നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് പ്രതീക്ഷയേറെ.

ഏഴ് കളിയില്‍ എട്ട് പോയിന്റുള്ള മുംബൈ ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തും.

 

Top