ഐപിഎല്‍; ഇന്ന് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍

ദില്ലി: ഐപിഎല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മല്‍സരം.

ചിരവൈരികള്‍ സീസണില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. രാജസ്ഥാനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തിയ ആവേശത്തിലാണ് മുംബൈ. തുടരെ അഞ്ച് ജയങ്ങളുമായി ചെന്നൈ പട്ടികയില്‍ മുന്നില്‍. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് ഫോമില്‍ എത്തിയതിന്റെ ആശ്വാസം മുംബൈ ക്യാമ്പിനുണ്ട്.

വിജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന്‍ ഇന്നും പുറത്തിരിക്കും. കോള്‍ട്ടര്‍ നൈലിന് ഒരവസരം കൂടി നല്‍കാനാണ് സാധ്യത. ഡുപ്ലസിയും റുതുരാജും നല്‍കുന്ന മിന്നും തുടക്കമാണ് ചെന്നൈയുടെ കരുത്ത്. നായകന്‍ ധോണി ബാറ്റിംഗില്‍ നിരാശപ്പെടുത്തുന്നു.

എങ്കിലും മധ്യനിരയുടെ പിന്തുണയാണ് ഇതുവരെ ഉള്ള മുന്നേറ്റത്തിന് കാരണം. ദില്ലി ഫിറോസ് ഷാ കോട്ലസ്റ്റേഡിയത്തില്‍ 170 റണ്‍സിന് മുകളിലാണ് സീസണിലെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോര്‍. രണ്ട് കളിയും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമും. ഇതുവരെ ചെന്നൈയും മുംബൈയും കളിച്ച 32 കളിയില്‍ 19 ജയവും മുംബൈക്കൊപ്പമായിരുന്നു. ചെന്നൈ ജയിച്ചത് 13ല്‍ മാത്രം. അവസാനം കളിച്ച എട്ടില്‍ ആറും മുംബൈ നേടി. പക്ഷേ നിഷ്പക്ഷ വേദികളില്‍ നേരിയ മുന്‍തൂക്കം മഞ്ഞപ്പടയ്ക്ക് അവകാശപ്പെടാം.

 

Top