ഐ പി എല്ലിൽ ഹൈദരാബാദ് മുംബൈ പോരാട്ടം; ടോസ് നേടി ബാറ്റിങ്ങിനിറങ്ങി മുംബൈ

ന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ നേരിടും. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് മുംബൈ അഞ്ചാം മത്സരത്തിന് ഇറങ്ങുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിൽ പരുക്കേറ്റ ഭുവനേശ്വർ കുമാറിന് പകരം സന്ദീപ് ശർമ കളിക്കുന്നുണ്ട്. ഖലീൽ അഹമ്മദും ടീമിലില്ല. പകരം സിദ്ധാർഥ് കൗൾ കളിക്കും.

മുംബൈ അഞ്ചാം പോരാട്ടത്തിനിറങ്ങുന്നത് ജയ–പരാജയങ്ങൾ മാറിമാറി അറിഞ്ഞാണ്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റു, കൊൽക്കത്തയെ തോൽപിച്ചു, ബാംഗ്ലൂരിനോടു സൂപ്പർ ഓവറിൽ തോറ്റു, കിങ്സ് ഇലവൻ പഞ്ചാബിനെ വലിയ മാർജിനിൽ തോല്‍പിച്ചു– ഇങ്ങനെ പോകുന്നു മുംബൈ ഇന്ത്യൻ‌സിന്റെ ഇതുവരെയുള്ള പ്രകടനങ്ങൾ. മികച്ച പ്രകടനങ്ങൾ തുടരുകയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ. സൗരഭ് തിവാരി, ഇഷാൻ കിഷൻ എന്നിവരും തിളങ്ങുന്നു. അവസാന ഓവറിൽ അടിച്ചു പറത്താൻ പൊള്ളാർഡുമുണ്ട്. ഓപ്പണർ ക്വിന്റൻ ഡി കോക്ക് ഇതുവരെ ഫോം കണ്ടെത്താത്തതു മാത്രമാണു മുംബൈയുടെ ബാറ്റിങ്ങിലെ ആശങ്ക.

രണ്ടു തോൽവികളുമായി തുടങ്ങിയ സൺറൈസേഴ്സും വിജയവഴിയിലേക്ക് എത്തിക്കഴിഞ്ഞു. ഡേവിഡ് വാർണർ– ജോണി ബെയർസ്റ്റോ സഖ്യം ഓപ്പണിങ്ങിൽ തിളങ്ങിയാൽ ഹൈദരാബാദിനെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടായിരിക്കും.

Top