ഐപിഎല്‍; ഇന്ന് രണ്ട് മത്സരങ്ങള്‍, കൊല്‍ക്കത്ത ഡല്‍ഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും

അബുദാബി: ഐപിഎലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡാല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. യഥാക്രമം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഷാര്‍ജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങള്‍.

പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയും ഏറ്റുമുട്ടുമ്പോള്‍ ഡല്‍ഹിക്ക് തന്നെയാണ് സാധ്യത കൂടുതല്‍. ഡല്‍ഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഉണ്ടാവുന്നു.

സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് ആണ് ഡല്‍ഹിയുടേത്. ഇതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ കൊല്‍ക്കത്ത നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. പുതുതായി ഓപ്പണിംഗിലെത്തിയ വെങ്കടേഷ് അയ്യര്‍ പ്രതീക്ഷ നല്‍കുന്നെങ്കിലും നോര്‍ക്കിയയും റബാഡയുമടങ്ങുന്ന പേസ് ആക്രമണം അതിജീവിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.

പരുക്കേറ്റ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ഇന്ന് കളിക്കാന്‍ ഇറങ്ങിയേക്കില്ല. ഇത് കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടിയാവും. റസലിനു പകരം ഷാക്കിബ് അല്‍ ഹസന്‍ കളിക്കും. ഡല്‍ഹിയില്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത.

കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് ടീമിലെത്താനിടയുണ്ട്. ഇന്ന് ഡല്‍ഹി ജയിച്ചാല്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തും. കൊല്‍ക്കത്ത വിജയിച്ചാല്‍ നാലാം സ്ഥാനത്ത് അവര്‍ കൂടുതല്‍ കരുത്തോടെ ഇരിപ്പുറപ്പിക്കും.

 

Top