ഐപിഎല്‍; ഇന്ന് ഡല്‍ഹിയും ബാംഗ്ലൂരും നേർക്കുനേർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടം. അഞ്ച് കളികളില്‍ നാല്ജയം വീതമുള്ള ഇരു ടീമുകളും സീസണില്‍ മികച്ച ഫോമിലാണ്. നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തോല്‍വി. അതും ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തരത്തില്‍.

കഴിഞ്ഞ കളിയില്‍ ചെന്നൈയോട് വഴങ്ങിയ തോല്‍വിയുടെ ഭാരവുമായാണ് ബാംഗ്ലൂര്‍ ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സ് പിന്തുടര്‍ന്ന ബാംഗ്ലൂരിന് താങ്ങാവുന്നതിലും അധികമായിരുന്നു 69 റണ്‍സിന്റെ തോല്‍വി.
അതിലുപരി അവരെ വേട്ടയാടുക അവസാന ഓവറില്‍ വഴങ്ങേണ്ടി വന്ന 37 റണ്‍സ്.

അടിച്ചുപരത്തപ്പെട്ടതോ ടീമിലെ മികച്ച ബൗളര്‍. കോലിയും ദേവ്ദത്തും ഡിവില്ലിയേഴ്സും മാക്സ്വെല്ലും അടങ്ങുന്ന മുന്‍നിര ഫോമിലാണെങ്കിലും മധ്യനിര അങ്ങനെയല്ല. ആദ്യ കിരീടം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ആ പോരായ്മ ബാംഗ്ലൂരിന് പരിഹരിച്ചേ മതിയാകൂ.

മറുഭാഗത്ത് ഡല്‍ഹി ഉഗ്രന്‍ ഫോമിലാണ്. സീസണില്‍ തോറ്റത് രാജസ്ഥാനോട് മാത്രം. കഴിഞ്ഞ കളിയിലെ സൂപ്പര്‍ ഓവര്‍ ജയം ഇന്ന് ബാംഗ്ലൂരിനെ നേരിടുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

അതേസമയം കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആര്‍ അശ്വിന്‍ മടങ്ങിയത് ഡല്‍ഹിയെ എത്രത്തോളം ബാധിക്കുമെന്നത് കണ്ടുതന്നെ അറിയണം. കെയ്ന്‍ റിച്ചാര്‍ഡ്‌സന്റെയും ആഡം സാംപയുടെയും മടക്കം ബാഗ്ലൂരിനും തിരിച്ചടിയാണ്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മത്സരം.

 

Top