ഐപിഎല്‍; ഇന്ന് ബാംഗ്ലൂരും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

ന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

വിരാട് കോലിയുടെ മോശം ഫോം ബാംഗ്ലൂരിനു തിരിച്ചടിയാണെങ്കിലും ദേവ്ദത്തിന്റെയും മാക്‌സ്വെലിന്റെയും ശ്രീകര്‍ ഭരതിന്റെയും ഫോം അവര്‍ക്ക് പ്രതീക്ഷയാണ്. ഇതിനകം സീസണില്‍ 6 ഫിഫ്റ്റികള്‍ നേടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മാക്‌സ്വെല്‍ ആണ് ബാംഗ്ലൂരിലെ ഏറ്റവും പ്രധാനപ്പെട്ട താരം.

കഴിഞ്ഞ സീസണിലെ മോശം ഫോം കഴുകിക്കളഞ്ഞ് വളരെ ഗംഭീരമായാണ് ഇക്കൊല്ലം ഓസീസ് ഓള്‍റൗണ്ടര്‍ ബാറ്റ് വീശുന്നത്. ടോപ്പ് ഓര്‍ഡറില്‍ ദേവ്ദത്ത് പടിക്കല്‍ നല്‍കുന്ന മികച്ച തുടക്കവും ബാംഗ്ലൂരിന്റെ വിജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

പവര്‍ പ്ലേയ്ക്ക് ശേഷം സ്‌കോര്‍ ഉയര്‍ത്താന്‍ ദേവ്ദത്തിനു സാധിക്കുന്നില്ലെന്ന വസ്തുത പവര്‍ പ്ലേയിലെ പ്രകടനങ്ങള്‍ ഒരു പരിധി വരെ കഴുകിക്കളയുന്നു. നിര്‍ണായകമായ മൂന്നാം നമ്പര്‍ തന്നില്‍ ഭദ്രമാണെന്ന വിളംബരം നടത്തി ശ്രീകര്‍ ഭരത് കളിച്ച അവസാന ഇന്നിംഗ്‌സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ ബാലന്‍സ് നല്‍കും.

 

Top