ഐപിഎല്‍; പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് പതിവുപോലെ പ്രധാനി. 2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന സഞ്ജു 152 മത്സരങ്ങളില്‍ 3888 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് സെഞ്ചുറികളും 20 ഫിഫ്റ്റികളുമുള്ള സഞ്ജുവിന് 29.23 ബാറ്റിംഗ് ശരാശരിയും 137.19 സ്‌ട്രൈക്ക് റേറ്റുമുണ്ട്. 182 സിക്സറുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് കരുത്ത് കാട്ടുന്നു. ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡും മത്സരപരിചയവുമുള്ള മലയാളി താരമാണ് സഞ്ജു.

മറുനാടന്‍ മലയാളിതാരങ്ങളും ഐപിഎല്ലില്‍ ശ്രദ്ധേയമാണ്. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ താരമാണ്. 57 ഐപിഎല്‍ മത്സരങ്ങളില്‍ 1521 റണ്‍സ് പടിക്കലിനുണ്ട്. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ താരമായ ശ്രേയസ് അയ്യര്‍ ഐപിഎല്‍ പതിനേഴാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ്. കേരളത്തിനായി കളിക്കുന്ന കര്‍ണാടകക്കാരന്‍ ശ്രേയസ് ഗോപാലിനെ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ 49 കളിയില്‍ 180 റണ്‍സും 49 വിക്കറ്റും താരം നേടിയിട്ടുണ്ട്. പതിവുപോലെ സഞ്ജു സാംസണിലേക്ക് തന്നെയാണ് മലയാളി ആരാധകരുടെ കണ്ണുകള്‍ നീളുന്നത്. ഐപിഎല്‍ 2024ലെ പ്രകടനം ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ സഞ്ജുവിന് നിര്‍ണായകമാണ്.

തമിഴ്‌നാടിനായി കളിക്കുന്ന മലയാളി പേസര്‍ സന്ദീപ് വാര്യരും ഇത്തവണ ഐപിഎല്ലിലുണ്ട്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സ് സന്ദീപിനെ അവസാന നിമിഷം സ്വന്തമാക്കുകയായിരുന്നു. സന്ദീപിനെ ഇത്തവണ മിനി താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. സന്ദീപ് വാര്യര്‍ ഐപിഎല്ലില്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിരുന്നു. ഐപിഎല്‍ കരിയറിലെ അഞ്ച് കളിയില്‍ രണ്ട് വിക്കറ്റാണ് സമ്പാദ്യം. കേരളത്തിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദ് ഇക്കുറി മുംബൈ ഇന്ത്യന്‍സിനായി കളിക്കും. ഐപിഎല്ലില്‍ ആറ് കളിയില്‍ 56 റണ്‍സാണ് വിഷ്ണു ഇതുവരെ നേടിയിട്ടുള്ളത്.

Top