ഐപിഎല്‍; സെപ്തംബറില്‍ പുനരാരംഭിച്ചേക്കും, വേദി യുഎഇ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ 14ാം സീസണ്‍ മത്സരങ്ങള്‍ സെപ്തംബറില്‍ പുനരാരംഭിക്കുമെന്ന് സൂചന. അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ വച്ച് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഐപിഎല്‍ പതിനാലാം സീസണിന്റെ ഫൈനല്‍ ഒക്ടോബര്‍ 10നായിരിക്കും നടക്കുക. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് നാലിനാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്. സെപ്തംബര്‍ 15ന് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിനായി ദുബായിലേക്ക് പോകും.

ദുബായില്‍ മൂന്ന് ദിവസം ഇരു ടീമംഗങ്ങളും ക്വാറന്റീനില്‍ കഴിയും. തുടര്‍ന്ന് സെപ്തംബര്‍ 19 മുതല്‍ മത്സരം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് സീരിസില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഇതുവരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കത്ത് നല്‍കിയിട്ടില്ല. അതിനാല്‍ ഐപിഎല്ലിനായി സെപ്തംബര്‍ 15നായിരിക്കും ടീമംഗങ്ങള്‍ യുഎഇലെത്തുകയെന്നാണ് സൂചന.

31 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ നാലാം തിയ്യതിയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചത്. ഇക്കാര്യം അടുത്തയാഴ്ച കൂടുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ അവതരിപ്പിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി.

Top