ഐപിഎല്‍; ലക്ഷ്യം വിജയം മാത്രം, രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്ക് നേര്‍

അബുദാബി: ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനും കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈക്കും 12 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് ഉള്ളത്. പ്ലേ ഓഫിലേക്ക് ഇനി ഒരു ടീമിനു മാത്രമേ പ്രവേശിക്കാനാവൂ. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമിനും നിര്‍ണായകമാണ്.

ബാറ്റര്‍മാരാണ് മുംബൈയെ വിഷമസന്ധിയിലാക്കിയിരിക്കുന്നത്. യുഎഇയില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തിലും മുംബൈ പരാജയപ്പെട്ടു. അവസാന മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവും ഹര്‍ദ്ദിക് പാണ്ഡ്യയും ഫോമിലെത്തിയത് ആശ്വാസകരമാണെങ്കിലും ഓപ്പണിംഗ് മുതല്‍ മുംബൈക്ക് പ്രശ്‌നങ്ങളുണ്ട്. രോഹിതും ഡികോക്കും സ്ഥിരതയില്ലാതെയാണ് കളിക്കുന്നത്. 116 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ഡികോക്ക് മുംബൈക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ പരാജയപ്പെടുന്നു. പൊള്ളാര്‍ഡ് ഫോമിലല്ല. കൃണാല്‍ കഴിഞ്ഞ സീസണുകളുടെ നിഴല്‍ മാത്രമാണ്. ഹര്‍ദ്ദിക്കും സൂര്യകുമാറും ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും അവരെ എത്രത്തോളം വിശ്വസിക്കാമെന്നതില്‍ ഇപ്പോഴും ധാരണ ആയിട്ടില്ല.

ബൗളിംഗിലും പഴയ മൂര്‍ച്ചയില്ല. യുഎഇയില്‍ മങ്ങിയ ആദം മില്‍നെയ്ക്ക് പകരമെത്തിയ നതാന്‍ കോള്‍ട്ടര്‍നൈല്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. കൃണാല്‍, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരൊന്നും കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടുത്ത് എത്തിയിട്ടില്ല. എങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീം തന്നെയാവും രാജസ്ഥാനെതിരെയും ഇറങ്ങുക. ലഭിച്ച അവസരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ജയന്ത് യാദവ് ടീമില്‍ തുടരും.

 

Top