ഐപിഎല്‍; ആദ്യ പോരാട്ടം മുംബൈയും ബാംഗ്ലൂരും തമ്മില്‍

ചെന്നൈ: കൊവിഡ് ആശങ്കകള്‍ക്കിടയില്‍ ഐപിഎല്‍ പതിനാലാം സീസണ് നാളെ ചെന്നൈയില്‍ തുടക്കമാവും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് തുടക്കമാവുക.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു മത്സരമാണിത്. ചാമ്പ്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിര്‍ത്തിയാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ കീറോണ്‍ പൊള്ളാര്‍ഡും മുംബൈ ക്യാമ്പിലെത്തി.

രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, പാണ്ഡ്യ സഹോദരന്‍മാര്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയവര്‍ കൂടി ചേരുമ്പോള്‍ മുംബൈ അതിശക്തരാണ്. വിരാട് കോലി, എ ബി ഡിവിലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ മാക്‌സ്‌വെല്ലും സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും കെയ്ല്‍ ജാമിസണും ഇത്തവണ ആര്‍സിബി നിരയിലുണ്ട്.

സ്പിന്‍ കരുത്തായി യുസ്‌വേന്ദ്ര ചാഹലും വാഷിംഗ്ടണ്‍ സുന്ദറും ടീമിനൊപ്പമുണ്ട്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ കൊവിഡ് മുക്തനായി തിരിച്ചെത്തിയതും ബാംഗ്ലൂരിന് ആശ്വാസം പകരുന്ന ഘടകങ്ങളാകുന്നു. മുംബൈയും ബാംഗ്ലൂരും 30 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനെട്ടില്‍ മുംബൈയും പന്ത്രണ്ടില്‍ ബാംഗ്ലൂരും ജയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ആദ്യ പതിനേഴ് മത്സരങ്ങള്‍ ചെന്നൈയിലും മുംബൈയിലും നടക്കും. ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവയാണ് ഈ സീസണിലെ മറ്റ് വേദികള്‍. ഫൈനലിന് മേയ് 30ന് അഹമ്മദാബാദ് വേദിയാകും.

 

Top