ഐപിഎല്‍; താരങ്ങളുടെ കുടുംബങ്ങള്‍ യുഎഇയിലേക്കില്ല

ചെന്നൈ: സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്നാണ് തീരുമാനമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ അറിയിച്ചു.

നേരത്തെ ബിസിസി ഐ പുറത്തിറക്കിയ 16 പേജുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) പ്രകാരം കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് നല്‍കുന്ന അതേ സുരക്ഷാ മാനദണ്ഡങ്ങളാണ് കുടുംബത്തിനുമുള്ളത്. ഇതെല്ലാം കൃത്യമായി പാലിക്കാന്‍ തയ്യാറാകണം.

കോവിഡ് പരിശോധനയ്ക്ക് പല തവണ വിധേയമാകണം. കൂടാതെ സാമൂഹിക അകലം പാലിക്കണം, മറ്റ് താരങ്ങളുടെ കുടുംബവുമായി ഇടപഴകാന്‍ പാടില്ല, കൈകള്‍ വൃത്തിയായി സൂക്ഷിക്കണം, ബയോ സെക്യൂരിറ്റിയില്‍ നിന്ന് പുറത്തുപോകാന്‍ പാടില്ല, മറ്റുള്ളവരുമായി ഭക്ഷണമോ പാനീയമോ പങ്കിടാന്‍ പാടില്ല തുടങ്ങിയ നിരവധി നിയമങ്ങളും ബിസിസി ഐ പുറത്തിറക്കിയ എസ്ഒപി പ്രകാരം പാലിക്കേണ്ടി വരും. ഇക്കാരണത്താലൊക്കെയാണ് ആദ്യ യാത്രയില്‍ കുടുംബങ്ങളെ ഉള്‍ക്കൊള്ളിക്കേണ്ടെന്ന് തീരുമാനിച്ചത്.

Top