ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനായി കളിക്കില്ലെന്ന് ഉറപ്പായ ആദം സാംപയ്ക്ക് പകരക്കാരനായി തനുഷ് കോട്ടിയന്‍

ജയ്പൂര്‍: ഐപിഎല്‍ പതിനേഴാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കില്ലെന്ന് ഉറപ്പായ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് പകരക്കാരനായി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ഹീറോയായിരുന്ന ഇരുപത്തിയഞ്ച് വയസുകാരന്‍ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍ ആണ് സാംപയ്ക്ക് പകരം റോയല്‍സ് സ്‌ക്വാഡിലെത്തിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് തനുഷ് കോട്ടിയനായി രാജസ്ഥാന്‍ റോയല്‍സ് മുടക്കിയത്. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു ആദം സാംപ ഐപിഎല്‍ 2024ല്‍ നിന്ന് പിന്‍മാറിയത്.

ഗുജറാത്ത് ടൈറ്റന്‍സ് റോബിന്‍ മുന്‍സിന് പകരം ബി ആര്‍ ശരത്തിനെ ടീമിലെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബി ആര്‍ ശരത് ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ്. ഇതിനകം 28 ടി20കളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 43 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. ശരത്തും അടിസ്ഥാന തുകയായ 20 ലക്ഷത്തിനാണ് ടീമിലെത്തിയത്.ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ ഭാവി താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്നയാളാണ് തനുഷ് കോട്ടിയന്‍. മുംബൈ 42-ാം തവണയും രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ തനുഷ് ഓള്‍റൗണ്ട് മികവുമായി തിളങ്ങിയിരുന്നു. 10 കളികളില്‍ 16.96 ശരാശരിയില്‍ 29 വിക്കറ്റും 41 ശരാശരിയില്‍ 502 റണ്‍സും നേടി. ബറോഡയ്‌ക്കെതിരെ പുറത്താവാതെ 120* റണ്‍സ് നേടിയ താരം പിന്നാലെ സെമിയില്‍ തമിഴ്‌നാടിനെതിരെ നിര്‍ണായക 89 ഉം നേടിയിരുന്നു. മുംബൈയെ 23 ട്വന്റി 20കളിലും 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 19 ലിസ്റ്റ് എ കളികളിലും തനുഷ് കോട്ടിയന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. തനുഷ് കോട്ടിയന്‍ വലംകൈയന്‍ ബാറ്ററും വലംകൈയന്‍ ഓഫ്ബ്രേക്ക് ബൗളറുമാണ്. മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. മലയാളിയായ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍.

Top