ആശങ്കകള്‍ നീങ്ങി; ഐപിഎല്‍ പോരാട്ടത്തിന് നാളെ ദുബായില്‍ തുടക്കം

ദുബായ്: കോവിഡ് പ്രതിസന്ധി ഉയര്‍ത്തിയ ആധികള്‍ക്കും ആശങ്കകള്‍ക്കും മീതെ ക്രിക്കറ്റ് പന്ത് ഉയര്‍ന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) പോരാട്ടം ശനിയാഴ്ച ദുബായില്‍ ആരംഭിക്കും.

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ആദ്യകളിയില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകീട്ട് 7.30 മുതല്‍ അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. കൊറോണ ആയതിനാല്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയര്‍ ലീഡേഴ്സോ ഉണ്ടാകില്ല. കാണികള്‍ക്കും പ്രവേശനമുണ്ടാകില്ല.

എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഐ.പി.എല്‍. സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു.ഇത്തവണ ആളുകള്‍ വീടുകളില്‍ത്തന്നെയായതിനാല്‍ ടെലിവിഷന്‍ കാണികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിലായിരുന്നു ഐപിഎല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം ലീഗ് നീട്ടിവയ്ക്കുകയായിരുന്നു. പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുമായിരുന്ന ടൂര്‍ണമെന്റ് വൈകിയാണെങ്കിലും യാഥാര്‍ഥ്യമാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) നിശ്ചയദാര്‍ഢ്യവും മറ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ പിന്തുണയുംകൊണ്ടാണ്. കോവിഡ് തുടങ്ങിയശേഷം ലോകത്ത് നടക്കുന്ന ഏറ്റവും വലിയ കായികമേളയാണിത്.

ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ നിശ്ചയിച്ചിരുന്ന ട്വന്റി 20 ലോകകപ്പ് ഉപേക്ഷിച്ചതോടെ ഈ സമയം ഐ.പി.എലിനുവേണ്ടി ഉപയോഗിക്കാന്‍ ബി.സി.സി.ഐ. കിണഞ്ഞുശ്രമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി.) വിവിധ ക്രിക്കറ്റ് രാജ്യങ്ങളും ഇതിന് പിന്തുണ നല്‍കി.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒരുമാസം മുമ്പുതന്നെ മിക്ക ടീമുകളും ദുബായിലെത്തി. ആറുദിവസത്തെ ക്വാറന്റീനും മൂന്നു കോവിഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയശേഷമാണ് പരിശീലനത്തിലേക്ക് കടന്നത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്സിലെ രണ്ട് താരങ്ങള്‍ അടക്കം 13 പേര്‍ക്ക് കോവിഡ് പോസിറ്റീവായത് വീണ്ടും ആശങ്കയുയര്‍ത്തിയിരുന്നു.

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ടൂര്‍ണമെന്റ് നടക്കുക. ഓരോ ബയോ സെക്യുര്‍ ബബിളിനകത്താകും താരങ്ങള്‍. ഇതിനകത്തുള്ളവരുമായി മാത്രമേ സമ്പര്‍ക്കം പാടുള്ളൂ. ഓരോ ടീമിനും അനുവദിച്ച സ്ഥലത്തൂടെ മാത്രമേ യാത്ര നടത്താവൂ. 53 ദിവസം നീളുന്ന മത്സരങ്ങള്‍ക്കിടെ 20000 കോവിഡ് ടെസ്റ്റുകള്‍ നടത്തും.

Top