ഐപിഎല്ലിലെ മികച്ച തിരിച്ചുവരവിന് കാരണമായതെന്തെന്ന് ഖിഖര്‍ ധവാന്‍ പറയുന്നു

പിഎല്‍ 12ാം സീസണില്‍ മികച്ച തുടക്കം കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്ന താരമാണ് ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍. എന്നാല്‍ പിന്നീടുള്ള തന്റെ മികച്ച പ്രകടനങ്ങളുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ധവാന്‍. മത്സരങ്ങളുടെ പാതി ഘട്ടം എത്തിയതോടെ ധവാന്‍ തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതെത്തി നില്‍ക്കുമ്പോള്‍ ധവാന്റെ മികച്ച പ്രകടനം അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

നിലവില്‍ 11 മത്സരങ്ങളില്‍ 401 റണ്‍സെടുത്ത ധവാന്‍ സീസണിലെ റണ്‍ വേട്ടയില്‍ നാലാമതുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ 27 പന്തില്‍ 54 റണ്‍സാണ് ധവാന്‍ അടിച്ച് കൂട്ടിയത്. ഈ മത്സരത്തില്‍ ഡല്‍ഹി വിജയിച്ചതിന് ശേഷം ധവാന്‍ നേരിട്ട ആദ്യ ചോദ്യങ്ങളിലൊന്ന് മോശം ഫോം മറികടന്ന് മികവിലേക്കെത്താന്‍ കഴിഞ്ഞത് എങ്ങനെയെന്നതായിരുന്നു. താന്‍ വെജിറ്റേറിയന്‍ ആയി മാറിയെന്നും അതാണ് ഇപ്പോളത്തെ ഫോമിന് കാരണമമെന്നും തമാശ രീതിയില്‍ പറഞ്ഞ ധവാന്‍ പിന്നീട്, താന്‍ മികവിലേക്കെത്തിയത് എങ്ങനെയാണെന്ന് വ്യക്തമാക്കി.

കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ താന്‍ മനസില്‍ തീരുമാനിച്ചതാണ് തന്റെ ബാറ്റിംഗിനെ മാറ്റിമറിച്ചതെന്നാണ് ധവാന്‍ പറയുന്നത്. കൂടുതല്‍ വേഗത്തില്‍ റണ്ണുകള്‍ നേടാന്‍ തുടങ്ങിയതോടെ താന്‍ തന്റെ പഴയ ഫോമിലേക്കുമെത്തിയെന്ന് ധവാന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ ടീമിന് വേണ്ടി മികച്ച തുടക്കം നല്‍കാന്‍ കഴിഞ്ഞാല്‍ താന്‍ വളരെയധികം സന്തോഷവാനാകും. ബാംഗ്ലൂരിനെതിരായ മത്സരം മുതലാണ് ഞാന്‍ എന്റെ മനസ് മാറ്റിയത്. കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.’ ധവാന്‍ പറഞ്ഞുനിര്‍ത്തി.

Top