ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ഹീറോയായി സഞ്ജു സാംസണ്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ഹീറോയായി മലയാളി താരം സഞ്ജു സാംസണ്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ കളിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ടീമിന്റെ ടോപ്സ്‌കോററും അദ്ദേഹമായിരുന്നു. 224 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ നാലു വിക്കറ്റും മൂന്നു പന്തും ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്.

അവസാനത്തെ മൂന്നോവറിലായിരുന്നു കളിയുടെ ഗതി മാറിയത്. സഞ്ജു മുന്നില്‍ നിന്നു നയിച്ചപ്പോള്‍ രാഹുല്‍ തെവാട്ടിയ (53), സ്റ്റീവ്, സ്മിത്ത് (50) എന്നിവരുടെ ഇന്നിങ്സുകളും നിര്‍ണായകമായി. ഗില്‍ക്രിസ്റ്റ് സഖ്യത്തെ പിന്തള്ളി വെറും 42 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്സറുമടക്കം 85 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറി വെറും 15 റണ്‍സ് അകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു. എങ്കിലും ടീമിന്റെ വിജയത്തിനു ഇത്തവണയും ചുക്കാന്‍ പിടിക്കാനായത് സഞ്ജുവിന് അഭിമാനമേകും. രാജസ്ഥാന്‍ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൊയ്ത മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും സഞ്ജു തന്നെയാണ്.

ഈ മത്സരത്തില്‍ രണ്ടാം സിക്സര്‍ നേടിയതോടെ ഐപിഎല്ലില്‍ സഞ്ജു സിക്സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. പഞ്ചാബിനെതിരായ മത്സരത്തിനു മുമ്പ് 98 സിക്സറുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതു മാത്രമല്ല ഐപിഎല്ലില്‍ 1000 റണ്‍സെന്ന നാഴികക്കലും സഞ്ജു പിന്നിട്ടു. ഈ കളിയില്‍ 62 റണ്‍സ് തികച്ചതോടെയായിരുന്നു ഇത്.

Top