ഐപിഎല്‍; ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിംഗ് ഇതിഹാസം വിരാട് കോലി

ചെന്നൈ: ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബാറ്റിംഗ് ഇതിഹാസം വിരാട് കോലി. ട്വന്റി 20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ചെന്നൈയ്‌ക്കെതിരെ ആറ് റണ്‍സെടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്. 14,562 റണ്‍സ് നേടിയ ക്രിസ് ?ഗെയ്‌ലാണ് (14562 റണ്‍സ്) ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഷുഐബ് മാലിക് (13360), കീറോണ്‍ പൊള്ളാര്‍ഡ് (12900), അലക്‌സാണ്ടര്‍ ഹെയ്ല്‍സ് (12319), ഡേവിഡ് വാര്‍ണര്‍ (12065) എന്നിവരാണ് കോലിക്ക് (12015) മുന്നിലുള്ള മറ്റ് താരങ്ങള്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം നേരിട്ട കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ അനൂജ് റാവത്ത്- ഡികെ വെടിക്കെട്ടില്‍ മോശമല്ലാത്ത സ്‌കോറിലെത്തുകയായിരുന്നു. റാവത്ത് 28 പന്തില്‍ 48* ഉം, ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 38* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി 23 പന്തില്‍ 35 റണ്‍സെടുത്തു. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസൂര്‍ റഹ്‌മാനാണ് ആര്‍സിബിക്ക് ഭീഷണിയായത്. മുസ്താഫിസൂറാണ് കളിയിലെ മികച്ച താരം. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ സിഎസ്‌കെയുടെ ആധിപത്യം തുടരുകയാണ്. ഇരുടീമും ഏറ്റുമുട്ടിയ ഇരുപത്തിരണ്ടാമത്തെ മത്സരം ആയിരുന്നു ഇന്നലത്തേത്. 21 കളിയിലും ചെന്നൈക്കായിരുന്നു ജയം. ആര്‍സിബി പത്ത് മത്സരങ്ങളിലാണ് ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ വിരാട് 20 പന്തില്‍ 21 റണ്‍സുമായി പുറത്തായി. കളി ആര്‍സിബി തോല്‍ക്കുകയും ചെയ്തു. ഐപിഎല്‍ പതിനേഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തോല്‍പ്പിക്കുകയായിരുന്നു. ആര്‍സിബിയുടെ 173 റണ്‍സ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി സിഎസ്‌കെ മറികടന്നു. ശിവം ദുബെ (28 പന്തില്‍ 34*), രവീന്ദ്ര ജഡേജ (17 പന്തില്‍ 25*) എന്നിവരുടെ ബാറ്റിംഗാണ് സിഎസ്‌കെയ്ക്ക് ജയമൊരുക്കിയത്. രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), അജിങ്ക്യ രഹാനെ (19 പന്തില്‍ 27) എന്നിവരും തിളങ്ങി.

Top