ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 160 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത്.

നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റണ്ണൗട്ടായി പുറത്തായെങ്കിലും ക്രിസ് ലിന്നും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ പത്തോവറില്‍ മുംബൈ 86/1 എന്ന ശക്തമായ നിലയിലായിരുന്നു. 43 പന്തില്‍ നിന്ന് 70 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ നേടിയത്.

ലിന്‍ പുറത്തായ ശേഷം ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും 30 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ 13 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ റണ്‍ റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ 28 റണ്‍സ് നേടിയ ഇഷാന്‍ കിഷനും പുറത്തായി. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

 

Top