പരിക്കിനെ തുടര്‍ന്ന് മടങ്ങിയ റസല്‍ സമ്മാനദാനച്ചടങ്ങിലും പങ്കെടുത്തില്ല

രിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും മടങ്ങിയ വിന്‍ഡീസ് താരം ആന്ദ്രെ റസല്‍, മത്സരത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും പങ്കെടുത്തില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്

താരത്തിന് പരിക്കേറ്റിരിക്കുന്നത് കൊല്‍ക്കത്ത ക്യാമ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ മത്സരത്തില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോളും പരിക്കിന്റെ സൂചനകള്‍ റസലിന്റെ ശരീരഭാഷയില്‍ നിന്ന് ആരാധകര്‍ക്ക് ലഭിച്ചിരുന്നു. മത്സരത്തില്‍ 21 പന്തില്‍ 45 റണ്‍സെടുത്തെങ്കിലും കൈക്കുഴയിലെ പരിക്കില്‍ വേദന കടിച്ചമര്‍ത്തിയായിരുന്നു താരം ബാറ്റ് വീശിയത്. വേദന കലശലായതിനെത്തുടര്‍ന്ന് ഡല്‍ഹി ഇന്നിംഗ്‌സിനിടെ മൂന്ന് ഓവറുകള്‍ എറിഞ്ഞതിന് ശേഷം താരം ഗ്രൗണ്ട് വിടുകയും ചെയ്തു.

പരിക്ക് വില്ലനായതിനെത്തുടര്‍ന്ന് റസല്‍ അടുത്ത മത്സരത്തില്‍ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായത് കൊല്‍ക്കത്തയ്ക്ക് വലിയ തലവേദന നല്‍കുന്നു. മുന്‍ മത്സരങ്ങളിലെല്ലാം റസലിനെ അമിതമായി ആശ്രയിച്ച് കൊണ്ടുള്ള കളിയായിരുന്നു കൊല്‍ക്കത്തയുടേത്. അത് കൊണ്ട് തന്നെ റസലിന് കളിക്കാനാവാതെ വന്നാല്‍ ടീം ഘടന തന്നെ താളം തെറ്റും. നാളെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത പോരാട്ടം.

Top