ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ

പിഎലിൽ ഇന്ന് സഞ്ജു സാംസണി ന്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും. അതേസമയം, ജയത്തോടെ സീസൺ അവസാനിപ്പിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

ഏതാണ്ട് എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ ഒരു വിജയത്തിനു ശേഷമാണ് രാജസ്ഥാൻ എത്തുന്നത്. സീസണിൽ രാജസ്ഥാൻ്റെ ഏറ്റവും മികച്ച താരങ്ങളായ യുസ്‌വേന്ദ്ര ചഹാലും ജോസ് ബട്‌ലറും സംഭാവനകൾ നൽകിയില്ലെങ്കിലും ആധികാരിക ജയം നേടാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം നൽകും. ഷിംറോൺ ഹെട്‌മെയർ തിരികെയെത്തിയതും അവർക്ക് പോസിറ്റീവാണ്. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരൊക്കെ ഫോമിലാണ്. സ്ഥിരം പൊസിഷനായ ഓപ്പണിംഗിൽ നിന്ന് മാറി നാലാം നമ്പറിൽ കളിക്കുന്ന ദേവ് ആ പൊസിഷനിൽ ഗംഭീര പ്രകടനം നടത്തുന്നത് രാജസ്ഥാൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റാണ്. ബോൾട്ടും പ്രസിദ്ധും അശ്വിനുമൊക്കെയടങ്ങുന്ന ബൗളിങ് നിരയും ഫോമിലാണ്. ഹെട്‌മെയർ തിരികെയെത്തുമ്പോൾ നീഷം പുറത്തിരിക്കും. ഇന്ന് വിജയിച്ചാൽ രാജസ്ഥാൻ 18 പോയിൻ്റിലെത്തി രണ്ടാം സ്ഥാനം ഉറപ്പിക്കും. ഇന്ന് വമ്പൻ പരാജയം വഴങ്ങാതിരുന്നാൽ പ്ലേ ഓഫും ഉറപ്പിക്കും.

മോശം ടീം അല്ലെങ്കിൽ പോലും ആകെ നിരാശപ്പെടുത്തിയ ചെന്നൈ ജയത്തോടെ സീസൺ അവസാനിപ്പിക്കാനാവും ശ്രമിക്കുക. ഋതുരാജ് ഗെയ്ക്‌വാദ് ഫോമിലേക്ക് തിരികെയെത്തിയതും ഡെവോൺ കോൺവേയുടെ തകർപ്പൻ ഫോമും അവർക്ക് പോസിറ്റീവാണ്. ദീപക് ചഹാറിൻ്റെ അഭാവത്തിൽ മുകേഷ് ചൗധരി മികച്ച രീതിയിൽ പന്തെറിയുന്നു. സീസണിലെ കണ്ടെത്തലാണ് മുകേഷ് എന്ന് പറയാം. ടീമിൽ മാറ്റമുണ്ടായേക്കില്ല.

Top