ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്-സിഎസ്‌കെ പോരാട്ടം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. വൈകീട്ട് 3.30ന് അബുദാബിയിലാണ് മത്സരം. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. അതേസമയം 13 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള സിഎസ്‌കെ നേരത്തെ തന്നെ പുറത്തായതാണ്. ഇന്ന് സിഎസ്‌കെയെ വീഴ്ത്തിയാലും പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ മറ്റ് ടീമുകളുടെ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും.

പഞ്ചാബില്‍ ഇന്ന് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മന്ദീപ് സിങ് പുറത്തിരിക്കും. മധ്യനിരയില്‍ നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരുടെ വെടിക്കെട്ട് പ്രകടനം ഇന്ന് നിര്‍ണ്ണായകമാണ്. സീസണില്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ മാക്സ്വെല്ലിന് സാധിച്ചിരുന്നില്ല.

ചരിത്രത്തിലാദ്യമായി തങ്ങള്‍ക്ക് പ്ലേ ഓഫില്‍ ഇടം ലഭിക്കാതെ പോയതിനാല്‍ ആരാധകര്‍ കടുത്ത വിഷമത്തിലാണ്. അതിനാല്‍ത്തന്നെ എന്തു വില കൊടുത്തും വിജയിക്കാന്‍ സിഎസ്‌കെ ശ്രമിക്കും. സീനിയര്‍ താരങ്ങള്‍ മോശം ഫോം തുടരുമ്പോള്‍ റുധുരാജ് ജയഗ്വാദ്, സാം കറാന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.

Top