ഐപിഎൽ; ഇന്ന് വീണ്ടും പഞ്ചാബ് കിംഗ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് പോരാട്ടം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും പഞ്ചാബ് കിംഗ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് പോരാട്ടം. വെകീട്ട് ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം. രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരില്‍ രണ്ട് വിക്കറ്റിനാണ് പഞ്ചാബ് ജയിച്ചത്. മെഹാലിയില്‍ അതിന് പകരം വീട്ടാന്‍ ലഖ്‌നൗ എത്തുമ്പോള്‍ ജയം തുടരുകയാണ് പഞ്ചാബിന്റെ ലക്ഷ്യം. മുംബൈക്കെതിരായ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്.

അര്‍ഷദീപ് സിംഗിന്റെ അവസാന ഓവറിലെ മാസ്മരിക പ്രകടനമാണ് കരുത്തുറ്റ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഇന്നും നേരിടാനുള്ളത് അതുപോലൊരു ബാറ്റിംഗ് നിരയെ. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന സാം കറന്റെ ഓള്‍ റൗണ്ട് പ്രകടനമാണ് പഞ്ചാബിന്റെ കരുത്ത്. ജിതേഷ് ശര്‍മ്മ, ഹര്‍പ്രീത് ഭാട്ടിയ തുടങ്ങിയ യുവ ബാറ്റര്‍മാരും മികവ് കാട്ടുന്നു. ഗുജറാത്തിനെതിരെ കയ്യില്‍ കിട്ടിയ കളി കളഞ്ഞു കുളിച്ചാണ് ലഖ്‌നൗ വരുന്നത്.

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ മെല്ലെ പോക്കാണ് ടീമിനെ ചതിച്ചതെന്ന വ്യാപക വിമര്ശനമുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവരില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓപ്പണര്‍ ക്വിന്റന്‍ ഡീ കോക്കിന് ഇന്ന് അവസരം കിട്ടുമോയെന്നും കണ്ടറിയണം. എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് ലഖ്‌നൗ. അത്ര തന്നെ പോയിന്റുള്ള പഞ്ചാബ് ആറാമതും.

Top