ഐപിഎല്‍: പഞ്ചാബ് – കൊല്‍ക്കത്തയെയും ബാംഗ്ലൂര്‍ – ഡല്‍ഹിയെയും നേരിടും

ബംഗളൂരു: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും. പഞ്ചാബ് വൈകിട്ട് നാലിന് കൊല്‍ക്കത്തയെയും ബാംഗ്ലൂര്‍ രാത്രി എട്ടിന് ഡല്‍ഹിയെയും നേരിടും. കൊൽക്കത്തയ്ക്ക് ഇനിയൊരു തോല്‍വികൂടി നേരിട്ടാല്‍ പ്ലേ ഓഫ് സ്വപ്നം വീണുടയും. ആറ് ജയവും നാല് തോല്‍വിയുമായി 12 പോയിന്റുള്ള പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്.

മുന്‍നിരതാരങ്ങളുടെ സ്ഥിരതയില്ലായ്മയാണ് കൊല്‍ക്കത്തയുടെ ആശങ്കയ്ക്ക് കാരണം. കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍ എന്നിവര്‍ റണ്‍കണ്ടെത്തിയാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവും. ഇരുടീമും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത് 22 കളിയില്‍ എട്ടില്‍ പഞ്ചാബും 14ല്‍ കൊല്‍ക്കത്തയും ജയിച്ചു.

പത്ത് കളിയില്‍ ഏഴിലും തോറ്റ ബാംഗ്ലൂര്‍ ഭാഗ്യ പരീക്ഷണത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ശേഷിക്കുന്ന നാല് കളിയും ജയിക്കുകയും, കൊല്‍ക്കത്ത, പഞ്ചാബ്, മുംബൈ ടീമുകളുടെ മത്സരം ഫലം മാറിമറിയുകയും ചെയ്താല്‍ ബാംഗ്ലൂരിന് പ്ലേഓഫിലെത്താന്‍ നേരിയ സാധ്യതയുണ്ട്. കോലി, ഡിവിലിയേഴ്‌സ്, മക്കല്ലം തുടങ്ങിയ വമ്പന്‍താരങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ നല്ല ഫോമിലെത്താന്‍ കഴിയാത്ത ടീമാണ് ബാംഗ്ലൂര്‍. ബൗളര്‍മാരുടെ പ്രകടനവും ആശാവഹമല്ല.

എട്ടാം തോല്‍വിയോടെ സാധ്യതകളെല്ലാം അടഞ്ഞ ഡല്‍ഹിക്ക് ഇനിയെല്ലാം അഭിമാനപ്പോരാട്ടം. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ 187 റണ്‍സെടുത്തിട്ടും ഹൈദരാബാദിനോട് തോറ്റതോടെയാണ് ഡല്‍ഹിയുടെ വഴിയടഞ്ഞത്.

Top