ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍; വിയോജിപ്പ് പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്താനുള്ള നിര്‍ദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ഐപിഎല്‍ ടീമുകള്‍ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്തുന്നതില്‍ ചെന്നൈ വിയോജിപ്പ് പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്തിയാലും അത് ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് പേരു വെളിപ്പെടുത്താന്‍ തയാറാകാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്തുന്നതിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സിന് യോജിപ്പില്ല. അങ്ങനെ ഐപിഎല്‍ നടത്തിയാലും അത് മറ്റൊരു സയ്യിദ് മുഷ്താഖ് അലി ട്രോഫിയാകും. സാഹചര്യങ്ങള്‍ വളരെ മോശമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ബിസിസിഐയെ ബന്ധപ്പെട്ടിട്ടില്ല’ ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

നേരത്തെ, ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ നടത്താന്‍ തയാറാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ എക്‌സിക്യുട്ടിവ് ചെയര്‍മാന്‍ രഞ്ജിത് ബര്‍താക്കൂര്‍ വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യക്കാര്‍ മാത്രമുള്ളൊരു ഐപിഎല്ലിനെക്കുറിച്ച് മുന്‍പ് നമുക്ക് ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷേ, സാഹചര്യങ്ങള്‍ അത് അനിവാര്യമാക്കിയിരിക്കുന്നു. നിലവില്‍ മികച്ച ടീമിനെ ഇന്ത്യക്കാരില്‍നിന്ന് കണ്ടെത്താവുന്നതേയുള്ളൂ. ഐപിഎല്‍ റദ്ദാക്കുന്നതിലും നല്ലത് ഇന്ത്യക്കാര്‍ മാത്രമുള്ള ഐപിഎല്‍ നടത്തുന്നതാണ്’ ഇതായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

Top