കോവിഡ് സുരക്ഷ; ഐപിഎല്‍ സ്റ്റേഡിയത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

ദുബായ് : ഐപിഎൽ 13 ആം സീസണിന് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. കോവിഡ് സുരക്ഷയുടെ ഭാഗമായി കാണികൾ ഇല്ലാതെയാകും മൽസരങ്ങൾ നടക്കുക. ഐപിഎല്‍ റിപ്പോര്‍ട്ട് ചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനും മാധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് ബിസിസിഐ പറഞ്ഞു. എന്നാല്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണും.

അബൂദബിയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. കഴിഞ്ഞ തവണത്തെ പിഴവ് ഇത്തവണ സംഭവിക്കാതിരിക്കാൻ വീറും വാശിയോടെയുമാകും ചെന്നൈ ഇത്തവണ കളത്തിലിറങ്ങുക.

യുഎഇ മാധ്യമങ്ങള്‍ക്ക് ഒഴികെ മറ്റ് മീഡിയ രജിസ്‌ട്രേഷനും ഇത്തവണയില്ല. ബിസിസിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമങ്ങള്‍ക്ക് പ്രസ് റിലീസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഓരോ മത്സരത്തിന് ശേഷം ലഭ്യമാക്കും. വിര്‍ച്വല്‍ പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സുകളായിട്ടാക്കും പ്രസ് റിലീസുകള്‍ ഉണ്ടാവുക. കോവിഡ് സുരക്ഷയുടെ ഭാഗമായിട്ടാണ് മാധ്യമങ്ങളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാത്തത് എന്ന് ബിസിസിഐ അറിയിച്ചു. പരിശീലന സെഷനുകളിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7.30നാണ് ഉദ്ഘാടന മത്സരം. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർകിങ്സും തമ്മിലാണ് ആദ്യം ഏറ്റുമുട്ടാൻ പോകുന്നത്. 2012ലാണ് മുംബൈ അവസാനമായി ഉദ്ഘാടന മത്സരം വിജയിച്ചത്. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ധോണിയുടെ കളത്തിലേക്കുള്ള ആദ്യ വരവ് കൂടിയാണിത്. അതുകൊണ്ട് തന്നെ ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. എന്നാൽ ഈ ആരവങ്ങളൊന്നും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത നിരാശയിലാണ്  ആരാധകർ.

Top