ഐപിഎൽ: കൊവിഡ് ബാധിച്ചാൽ കളി മാറ്റിവെക്കും; നിയമപരിഷ്‌കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി

പിഎലില്‍ നിയമപരിഷ്‌കാരങ്ങളുമായി ഗവേണിംഗ് കമ്മറ്റി. ടീമില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീല്‍ഡിലിറക്കാന്‍ സാധിക്കില്ലെങ്കില്‍ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആര്‍എസ് ഒന്നില്‍ നിന്ന് രണ്ടിലേക്ക് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീല്‍ഡര്‍ ക്യാച്ച് ചെയ്ത് ബാറ്റര്‍ പുറത്തായാല്‍ അടുത്ത ബാറ്റര്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ കളിക്കുമെന്നതും പുതിയ പരിഷ്‌കാരങ്ങളില്‍ പെടുന്നു.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കളി മാറ്റിവെക്കാന്‍ 12 പേരില്‍ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരില്‍ 7 പേരെങ്കിലും ഇന്ത്യന്‍ താരങ്ങളാവണം. കളി മാറ്റിവെക്കാന്‍ പറ്റുമെങ്കില്‍ മാറ്റിവെക്കും. അതിനു സാധിച്ചില്ലെങ്കില്‍ തീരുമാനം ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മറ്റിയുടേതാവും. പ്ലേ ഓഫില്‍ സൂപ്പര്‍ ഓവറിലും കളി തീര്‍പ്പായില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ ഉയര്‍ന്ന പൊസിഷനില്‍ ഫിനിഷ് ചെയ്ത ടീമിനെ വിജയികളാക്കി പ്രഖ്യാപിക്കും.

ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനല്‍ നടക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങള്‍ മുംബൈയിലും 15 മത്സരങ്ങള്‍ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങള്‍ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

 

Top