ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐ.പി.എല്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സ് വിജയലക്ഷ്യം. ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 187 റണ്‍സെടുത്തു. രോഹിത് ശര്‍മയും ഡിക്കോക്കും ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തകര്‍ത്തടിച്ച ഇരുവരും 65 പന്തില്‍ നിന്ന് 96 റണ്‍സ് നേടി.

32 പന്തില്‍ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 47 റണ്‍സെടുത്ത രോഹിത് ശര്‍മയെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സൂര്യകുമാര്‍ യാദവും (16), കീറോണ്‍ പൊള്ളാര്‍ഡും (6) പെട്ടെന്ന് മടങ്ങി. 52 പന്തുകള്‍ നേരിട്ട് നാലു സിക്സും ആറു ബൗണ്ടറിയുമടക്കം 81 റണ്‍സെടുത്ത ഡിക്കോക്കിനെ മികച്ചൊരു ക്യാച്ചിലൂടെ ജോസ് ബട്ട്ലര്‍ തിരിച്ചയക്കുകയായിരുന്നു.

അവസാന ഓവറുകളിലെ ഹാര്‍ദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് മുംബൈയെ 187 എന്ന സ്‌കോറിലെത്തിച്ചത്. വെറും 10 പന്തുകള്‍ നേരിട്ട പാണ്ഡ്യ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

Top