ഐപിഎല്‍; കൊല്‍ക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് നാടകീയ ജയം

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാടകീയ ജയം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ ജയമാണ് നിലവിലെ ചാംപ്യന്മാര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 152 എല്ലവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്.

നാല് വിക്കറ്റ് നേടിയ രാഹുല്‍ ചാഹറിന്റെ പ്രകടനമാണ് മുംബൈ ജയം സമ്മാനിച്ചത്. പിന്നാലെ ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവരുടെ പ്രകടനം കൂടിയായപ്പോള്‍ മുംബൈ ഐപിഎല്‍ 14-ാം സീസണിലെ ആദ്യജയം സ്വന്തമാക്കി. നേരത്തെ ആന്ദ്രേ റസ്സലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് മുംബൈയെ നിയന്ത്രിച്ചു നിര്‍ത്തിയത്.

സ്‌കോര്‍ പിന്തുടരുമ്പോള്‍ നിതീഷ് റാണ (57)- ശുഭ്മാന്‍ ഗില്‍ (33) സഖ്യം തകര്‍പ്പന്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരവരും ഒന്നാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്ലിനെ മടക്കിയയച്ച് ചാഹര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ആര്‍ക്കം രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഗില്‍ ഉള്‍പ്പെടെ ആദ്യത്തെ നാല് പോരും ചാഹറിന് കീഴടങ്ങി.

രാഹുല്‍ ത്രിപാഠി (5), ഓയിന്‍ മോര്‍ഗന്‍ (7) എന്നിവര്‍ ഉത്തരവാദിത്തം കാണിച്ചില്ല. പിന്നാലെ റാണയും ചാഹറിന്റെ പന്തില്‍ മടങ്ങി. ഷാക്കിബ് അല്‍ ഹസന്‍ (9), ആന്ദ്രേറസ്സല്‍ (9), പാറ്റ് കമ്മിന്‍സ് (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. റസ്സലും കമ്മിന്‍സും ട്രന്റ് ബോള്‍ട്ടിന്റെ അവസാന ഓവറിലാണ് വീണത്. ഷാക്കിബിനെ ക്രുനാല്‍ പാണ്ഡ്യ മടക്കി.

ദിനേശ് കാര്‍ത്തിക് (8), ഹര്‍ഭജന്‍ സിംഗ് (2) പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. 36 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുബൈയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 43 റണ്‍സെടുത്തു.

രണ്ടാം ഓവറിന്റെ അവസാന പന്തില്‍ തന്നെ അവര്‍ക്ക് ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. പിന്നീട് രോഹിത്തിനൊപ്പം ഒത്തുചേര്‍ന്ന സൂര്യകുമാര്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുംബൈയ്ക്ക് തുണയായതും ഈ കൂട്ടുകെട്ട് തന്നെ.

 

Top