ഐപിഎല്‍ മിനി താരലേലം; മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍ പിന്‍മാറി

ദുബായ്: ഐപിഎല്‍ മിനി താരലേലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലേലത്തില്‍ നിന്ന് അവസാന നിമിഷം മൂന്ന് താരങ്ങള്‍ പിന്‍മാറി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പുതുതായി ലേലപട്ടികയില്‍ ഇടം നേടിയതോടെ ആകെ കളിക്കാരുടെ എണ്ണം 333ല്‍ നിന്ന് 332 ആയി ചുരുങ്ങി. ഇംഗ്ലണ്ട് താരം റെഹാന്‍ അഹമ്മദ്, ബംഗ്ലാദേശ് താരങ്ങളായ ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം എന്നിവരാണ് ലേലത്തിന് മണിക്കൂറുകള്‍ മുമ്പ് പിന്‍വാങ്ങിയത്. ഇന്ന് രാവിലെ ഒമ്പത് മണിവരെ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റില്‍ ടസ്‌കിനും ഷൊറിഫുളും ഉണ്ടായിരുന്നു.

റെഹാന്‍ അഹമ്മദ് പിന്‍മാറിയെങ്കിലും ഹാരി ബ്രൂക്ക്, ആദില്‍ റഷീദ്, ക്രിസ് വോക്‌സ്, ഫില്‍ സാള്‍ട്ട് എന്നിവരെ സ്വന്തമാക്കാന്‍ ടീമുകള്‍ തമ്മില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് രാജ്യാന്തര താരങ്ങള്‍ പിന്‍വാങ്ങിയെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പുതുതായി ലേലപ്പട്ടികയിലെത്തി. മഹാരാഷ്ട്ര അണ്ടര്‍ 19 താരം കൗശല്‍ താബെ, രാജസ്ഥാന്റെ പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ സഹില്‍ ധിവാന്‍ എന്നിവരാണ് പുതുതായി ലേലപ്പട്ടികയിലെത്തിയത്. ദുബായില്‍ ഉച്ചക്ക് ഒരു മണിക്കാണ് ഐപിഎല്‍ മിനി താരലേലം തുടങ്ങുക.

ടസ്‌കിനും ഷൊറിഫുളും മാര്‍ച്ച-ഏപ്രില്‍ മാസങ്ങളിലായി ശ്രീലങ്കക്കും സിംബാബ്വെക്കുമെതിരായ ഹോം സീരിസില്‍ പങ്കെടുക്കാനായാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. അതേസമയം പേസര്‍ മുത്സഫിസുര്‍ റഹ്‌മാനെ മാര്‍ച്ച് 22 മുതല്‍ മെയ് 21വരെ ഐപിഎല്ലില്‍ കളിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഐപിഎല്‍ സമയത്താണ് ഈ പരമ്പരകളുമെന്നതിനാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഐപിഎല്ലിന് തൊട്ടു പിന്നാലെ അടുത്തവര്‍ഷം ജൂണ്‍ മാസത്തില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ അതിന് മുമ്പുള്ള മികച്ച മുന്നൊരുക്കമാകും ഐപിഎല്‍ എന്ന വിലയിരുത്തലില്‍ പല ടീമുകളും താരങ്ങളെ വിട്ടകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Top