ഐപിഎല്‍ യോഗം ഈ ആഴ്ച; നിര്‍ദേശം അവതരിപ്പിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ നോക്കിയത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) ആയിരുന്നു. ടി20 ലോകകപ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒക്ടോബറിലും നവംബറിലുമായി ഐപിഎല്‍ നടത്താനാണ് നിലവില്‍ ബിസിസിഐ ഉദ്ദേശിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക പ്രയാസമാണ്. അതിനാല്‍ യുഎഇയിലാവും ഐപിഎല്‍ നടക്കുകയെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ ഈ ആഴ്ച തന്നെ ഐപിഎല്‍ സംബന്ധിച്ച യോഗം ബിസിസിഐ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐപിഎല്‍ നടത്തുന്നതിനായി രണ്ട് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ബിസിസിഐ സമര്‍പ്പിച്ചിട്ടുണ്ട്.

പ്രധാനമായും രണ്ട് നിര്‍ദേശമാണ് ബിസിസിഐ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഐപിഎല്‍ യുഎഇയില്‍ നടത്തുന്നതിനായി അവരോട് സമ്മതം വാങ്ങുക, രണ്ടാമതായി ഇന്ത്യയിലെ ഒന്നോ രണ്ടോ മൈതാനങ്ങളിലായി മത്സരം നടത്തുക. ഇതില്‍ സര്‍ക്കാര്‍ നിര്‍ദേശവും പാലിച്ചാവും ഐപിഎല്ലിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Top