തകര്‍ന്ന് തരിപ്പണമായി ഹൈദരബാദ്; മുംബൈ ഇന്ത്യന്‍സിന് വിജയലക്ഷ്യം 119 റണ്‍സ്

mumbai1

മുംബൈ: ക്രിക്കറ്റ് ദൈവത്തിന്റെ പിറന്നാള്‍ ദിനത്തില്‍ വിജയം മാത്രം മുന്നില്‍ കണ്ട് കളിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 119 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറില്‍ 118 റണ്‍സില്‍ എല്ലാവരും പുറത്തായി.

33 പന്തില്‍ 29 റണ്‍സെടുത്ത യൂസഫ് പത്താനും 21 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്ടന്‍ കെയ്ന്‍ വില്യംണ്‍സണും മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങാനായത്.അധികം റണ്‍സ് വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മക്ലെനാഗനും മായാംഗ് മാര്‍ക്കണ്ഡെയും ഹര്‍ദ്ദിക്ക് പാണ്ഡ്യയുമാണ് ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ബുംറയും റഹ്മാനും ഓരോ വിക്കറ്റ് വീതം നേടി.

സ്‌കോര്‍ 20 റണ്‍സില്‍ നില്‍ക്കെ ടീമിലേക്ക് മടങ്ങിയെത്തിയ ശിഖര്‍ ധവാന്റെ (6 പന്തില്‍ 5 റണ്‍സ്) വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ പതിവുപോലെ വലിയ സംഭാവന നല്‍കാതെ സാഹയും (രണ്ട് പന്തില്‍ പൂജ്യം റണ്‍സ്) മടങ്ങി. ഹൈദരാബാദിന്റെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പവലിയനിലെത്തി.

കഴിഞ്ഞ ഐപിഎല്‍ സീസണിലെ എമര്‍ജിങ് പ്ലെയറായിരുന്ന മലയാളി താരം ബേസില്‍ തമ്പി ഹൈദരാബാദ് ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമുള്ള മുംബൈ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കിയ ഹൈദരാബാദ് നാലാം സ്ഥാനത്തും.

Top