ഐപിഎല്‍; ഇന്ന് കൊല്‍ക്കത്ത റൈഡേഴ്‌സ് ബെംഗളൂരുവിനെ നേരിടും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദ മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മൂന്നാമതും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തുമാണ്.

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ തൊട്ടതെല്ലാം പിഴച്ച കൊല്‍ക്കത്ത അത് തിരുത്താമെന്ന പ്രതീക്ഷയോടെയാണ് രണ്ടാം പാദത്തിനായി എത്തുന്നത്. ആദ്യ പാദത്തില്‍ കൊല്‍ക്കത്തയ്ക്കായി ഏറ്റവും നന്നായി കളിച്ച ഓസീസ് പേസര്‍ ഐപിഎലില്‍ നിന്ന് പിന്മാറിയത് അവര്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്.

പകരം ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തി ടീമിലെത്തിയെങ്കിലും കമ്മിന്‍സിനെ കൊല്‍ക്കത്ത മിസ് ചെയ്യും. പലതവണ മാറ്റിപ്പരീക്ഷിച്ച ഓപ്പണിംഗ് സഖ്യവും ഫോം സ്ഥിരതയില്ലാത്ത ബാറ്റിംഗ് വിഭാഗവുമാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. ഓയിന്‍ മോര്‍ഗന്‍ അടക്കം ലോകോത്തര താരങ്ങള്‍ ടീമില്‍ നിരവധിയുണ്ടെങ്കിലും കൊല്‍ക്കത്തക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് നിതീഷ് റാണയാണ്.

201 റണ്‍സുമായി നിതീഷ് സീസണിലെ ആകെ താരങ്ങളുടെ പട്ടികയില്‍ 15ആം സ്ഥാനത്താണ് എന്നറിയുമ്പോഴാണ് കൊല്‍ക്കത്തയുടെ മോശം പ്രകടനങ്ങളുടെ ആഴം മനസ്സിലാവുക. ഓപ്പണിംഗ് പരാധീനതകള്‍ പരിഹരിച്ചെങ്കില്‍ തന്നെ കൊല്‍ക്കത്തയുടെ മോശം പ്രകടനങ്ങള്‍ക്ക് ഏറെക്കുറെ അവസാനമുണ്ടാവും. ഒപ്പം മോര്‍ഗന്‍, കാര്‍ത്തിക്, റസല്‍ എന്നിവര്‍ കൂടി ഫോമിലേക്ക് മടങ്ങിയെത്തണം. ബൗളിംഗ് അത്ര മോശമാണെന്ന് പറയാനാവില്ല.

 

Top