ഐപിഎൽ; പ്ലേ ഓഫ് കാണാതെ അവസാന സ്ഥാനക്കാരായി രാജസ്ഥാന്‍

ദുബായ് : ഐപിഎല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്റെ അവസാന മത്സരത്തില്‍ 60 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചൊള്ളൂ.

ആദ്യ ഓവറില്‍ റണ്‍സ് വാങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന പാറ്റ് കമ്മിന്‍സാണ് രാജസ്ഥാന്‍ മുന്‍നിരയെ ഒന്നൊന്നായി മടക്കിയത്. നാലു വിക്കറ്റ് കമ്മിന്‍സ് വീഴ്ത്തി. റോബിന്‍ ഉത്തപ്പ (6), ബെന്‍ സ്റ്റോക്ക്‌സ് (18), സ്റ്റീവ് സ്മിത്ത് (4), റിയാന്‍ പരാഗ് എന്നിവരെ കമ്മിന്‍സ് മടക്കിയപ്പോള്‍ സഞ്ജു സാംസണെ (1) ശിവം മാവിയും പുറത്താക്കി. ജോസ് ബട്ട്‌ലര്‍ 22 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 35 റണ്‍സെടുത്ത് 11-ാം ഓവറില്‍ പുറത്തായതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. ജോഫ്ര ആര്‍ച്ചര്‍ (6), കാര്‍ത്തിക് ത്യാഗി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശ്രേയസ് ഗോപാല്‍ 23 റണ്‍സോടെ പുറത്താകാതെ നിന്നു. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ സീസണില്‍ അവസാന സ്ഥാനക്കാരായാണ് രാജസ്ഥാന്റെ പടിയിറക്കം. ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

Top