ഐപിഎൽ; ആദ്യ ക്വാളിഫയറിൽ മുംബൈയും ഡൽഹിയും നേർക്കുനേർ

ദുബായ് : ഐപിഎൽ 13ആം സീസണിലെ ആദ്യ ക്വാളിഫയർ മത്സരം ഇന്ന്. ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യത്തെ ക്വാളിഫയർ മത്സരം. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കിരീടം നിലനിർത്താൻ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുമ്പോള്‍ ആദ്യ ഫൈനലാണ് ശ്രേയസ് അയ്യരുടെ ഡൽഹി ക്യാപിറ്റൽസിന്‍റെ നോട്ടം.

പോയിൻ്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതും ആണ്. ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. പരാജയപ്പെടുന്ന ടീമിന് എലിമിനേറ്ററിൽ ഒരു തവണ കൂടി അവസരം ലഭിക്കും. ബൗളിംഗ് മികവിൽ ഒപ്പത്തിനൊപ്പമെങ്കിലും ബാറ്റിംഗ് ഫോമിൽ മുൻ‌തൂക്കം മുംബൈയ്ക്കാണ്. ഹിറ്റ്മാൻ പരുക്കു മാറിയെത്തിയത് മുംബൈയ്ക്ക് കരുത്താവും. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ എന്നിവർ വിശ്രമം കഴിഞ്ഞ് തിരിച്ചെത്തും.

ഡൽഹി ക്യാപിറ്റൽസ് ആവട്ടെ തുടക്കത്തിലെ ഗംഭീര പ്രകടനങ്ങൾ കൊണ്ട് ഒരു വിധം പ്ലേ ഓഫിൽ എത്തിച്ചേർന്നവരാണ്. ഗംഭീർ ഫോമിലേക്ക് തിരികെ എത്തിയതും രഹാനെ ഫോം കണ്ടെത്തിയതും ആശ്വാസകരമാണ്. ഡാനിയൽ സാംസ് അത്ര മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ലെങ്കിലും വിന്നിംഗ്സ് കോമ്പിനേഷനിൽ മാറ്റം വരാനിടയില്ല.

Top