ഐ.പി.എൽ കിരീടത്തിൽ മുത്തമിടുന്നത് ആര്? കലാശപ്പോരിനൊരുങ്ങി ഡൽഹിയും മുംബൈയ്യും

ദുബായ് : ഐ.പി.എൽ 13ആം സീസണിൽ ഇന്ന് ഫൈനൽ. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐ.പി.എല്‍ മാമാങ്കത്തിനാണ് ഇന്ന് തിരശീല വീഴുക. ഇന്ന് നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ചാം കിരീടം ലക്ഷ്യമാക്കി മുംബൈ ഇറങ്ങുമ്പോൾ ആദ്യ കിരീടം ചൂടാമെന്ന പ്രതീക്ഷയോടെയാണ് ഡൽഹി കളത്തിലിറങ്ങുക. മുംബൈയെ രോഹിത് ശര്‍മ്മയും ഡൽഹിയെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ക്വിന്‍റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും അടങ്ങുന്ന അതിശക്തമായ മുന്‍നിരയും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും ഉള്‍പ്പെടുന്ന മധ്യനിരയും മുംബൈയുടെ കരുത്താണ്. ഈ സീസണില്‍ കൂടുതല്‍ റണ്‍ നേടിയ 10 ബാറ്റ്‌സ്മാന്‍മാരില്‍ മുബൈയുടെ മൂന്നുപേരുണ്ട്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിരയും ശക്തമാണ്.

 

ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റെങ്കിലും ഞായറാഴ്ച രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് യോഗ്യത നേടിയത്. ശിഖർ ധവാൻ ഫോമിലേക്ക് തിരികെയെത്തിയത് ആശ്വാസമാണ്. ഓപ്പണര്‍ പൃഥ്വി ഷായെ മാറ്റി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ കൊണ്ടുവന്നത് വിജയമായി. സ്ഥാനക്കയറ്റം നല്‍കിയ ഷിംറോണ്‍ ഹെറ്റ്‌മെയറും അവസരത്തിനൊത്ത് ഉയര്‍ന്നു. ഒന്നോ രണ്ടോ അസാമാന്യ ഇന്നിങ്‌സുകള്‍കൊണ്ടേ ഡല്‍ഹിക്ക് ഫൈനലില്‍ പിടിച്ചുനില്‍ക്കാനാകൂ. അതേസമയം ഐ.പി.എൽ വിജയി ആരാണെന്നറിയാൻ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ്.

Top