ഐപിഎൽ ഫൈനൽ; മഴ തുടരുന്നു, 9.35ന് തുടങ്ങിയാലും ഓവർ വെട്ടിച്ചുരുക്കില്ല, തിങ്കളാഴ്ച റിസർവ് ദിനം

അഹമ്മദാബാദ് : ഐപിഎൽ ഫൈനൽ മത്സരത്തിന്റെ ടോസ് മഴ മൂലം വൈകുന്നു. വൈകിട്ട് ആറരയോടെയാണ് ചാറ്റൽ മഴ തുടങ്ങിയത്. നിലവിൽ അഹമ്മദാബാദിൽ കനത്ത മഴയാണ്. മഴ കാരണം ഇന്നു മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ ഫൈനൽ തിങ്കളാഴ്ചത്തേക്കു മാറ്റിവയ്ക്കും. ഫൈനൽ പോരാട്ടത്തിന് റിസർവ് ദിനം ഉണ്ടെന്ന് ഐപിഎൽ സംഘാടകർ അറിയിച്ചു. രാത്രി 9.35ന് കളി തുടങ്ങിയാലും ഓവറുകള്‍ വെട്ടിക്കുറയ്ക്കില്ല. പുലർച്ചെ 12 മണിക്കൂ ശേഷമാണു കളി തുടങ്ങുന്നതെങ്കിൽ അഞ്ച് ഓവറുകൾ മാത്രമാക്കി മത്സരം ചുരുക്കും.

ഇടിമിന്നലോടുകൂടിയ മഴയാണ് അഹമ്മദാബാദിൽ പെയ്യുന്നത്. ബാറ്റർമാരെ പിന്തുണയ്ക്കുന്ന പിച്ചിന്റെ സ്വഭാവം മഴ പെയ്താൽ മാറും. മത്സരത്തിനു മുൻപേ മഴയെത്തിയതിനാൽ ആദ്യ ഓവറുകളിലെ ബാറ്റിങ് ബുദ്ധിമുട്ടേറിയതാകും.ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം ക്വാളിഫയറാണ് ഇതിനു മുൻപ് അഹമ്മദാബാദില്‍ നടന്നത്. അന്ന് മഴ കാരണം കളി വൈകിയിരുന്നു. ടോസ് 45 മിനിറ്റോളമാണു വൈകിയത്. 7.30ന് തുടങ്ങേണ്ട കളി തുടങ്ങിയത് എട്ട് മണിക്ക്.

ബാറ്റിങ്ങിനെ സഹായിക്കുന്ന വിക്കറ്റാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. 187 റൺസാണ് ഈ ഐപിഎലിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ. ന്യൂബോളിൽ പേസ് ബോളർമാർക്ക് പിന്തുണ ലഭിക്കുമെങ്കിലും മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ്ങിന് അനുകൂലമാകും. സീസണിൽ ഇവിടെ നടന്ന 6 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്ത ടീം മൂന്നും രണ്ടാമത് ബാറ്റ് ചെയ്ത ടീം മൂന്നും മത്സരങ്ങൾ ജയിച്ചു. ഐപിഎലിൽ കഴിഞ്ഞ 2 സീസണുകളിലുമായി 4 തവണയാണ് ചെന്നൈയും ഗുജറാത്തും നേർക്കുനേർ വന്നത്. ഇതിൽ 3 തവണയും ജയം ഗുജറാത്തിനൊപ്പമായിരുന്നു. ചെന്നൈയുടെ ഏക ജയം ഇത്തവണ ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ.

ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങളിൽ പത്തും ജയിച്ച് 20 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫിൽ എത്തിയത്. 14 മത്സരങ്ങളിൽ നിന്ന് 8 ജയവുമായി 17 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ലക്നൗവിനെതിരെ മത്സരത്തിൽ മഴ മൂലം പോയിന്റ് പങ്കുവച്ചു. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോൽപിച്ച് ചെന്നൈ ഫൈനലിൽ കടന്നപ്പോൾ എലിമിനേറ്ററിൽ മുംബൈയെ തകർത്താണ് ഗുജറാത്തിന്റെ ഫൈനൽ പ്രവേശനം.

Top