പത്താന്റെ മികവില്‍; ഡല്‍ഹിക്കെതിരെ സണ്‍ റൈസേഴ്‌സിന് ഏഴു വിക്കറ്റ് വിജയം

sun

ഹൈദരാബാദ്: ഐപിഎലില്‍ വിജയ തുടര്‍ച്ചയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാറ്റ്‌സ്മാന്‍ യൂസഫ് പത്താന്റെ ബാറ്റിങ് പ്രകടനമാണ് അകലെ നിന്ന വിജയത്തെ കൈയെത്തി പിടിക്കാനായത്. അവസാന ഓവറിലായിരുന്നു പത്താന്റെ പൊട്ടിത്തെറി.ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്‌സ് ഒരു പന്ത് ബാക്കിനില്‍ക്കെ മറികടന്നു.

അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച യൂസഫ് പത്താനാണ് വിജയ ശില്‍പി. 12 പന്തില്‍ 28 റണ്‍സിന്റെ വെല്ലുവിളിയാണ് പത്താന്‍ അനായാസം അടിച്ചുപറത്തിയത്. ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ ഒരു ഫോറും സിക്‌സറും അടക്കം 14 റണ്‍സ് നേടി അവസാന ഓവറില്‍ വിജയലക്ഷ്യം 14 ആയി ചുരുക്കി. ക്രിസ്റ്റ്യന്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്‌സും ഫോറും നേടിയ പത്താന്‍ ഒരു പന്ത് ശേഷിക്കെ സണ്‍റൈസേഴ്‌സിനു വിജയം ഒരുക്കി. അലക്‌സ് ഹെയ്ല്‍സും (45) ധവാനും (33) ഒരുക്കിയ അടിത്തറയിലാണ് വില്യംസണും (32) പത്താനും (27) വിജയം കൊയ്തത്.

നേരത്തെ കൗമാര താരം പ്രിഥ്വി ഷായുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഷാ 36 പന്തില്‍ മൂന്നു സിക്‌സും ആറു ഫോറുമായി 65 റണ്‍സെടുത്തു. ശ്രേയസ് അയ്യരും (44) മികച്ച ബാറ്റിംഗ് നടത്തി.

Top