ഐപിഎല്‍; രണ്ടാം മല്‍സരത്തില്‍ ഇന്ന് ഡല്‍ഹി കൊല്‍ക്കത്തയെ നേരിടും

അഹമ്മദാബാദ്: ഐപിഎല്‍ പതിനാലാം സീസണില്‍ ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദാബാദിലാണ് മല്‍സരം.

തുടര്‍ തോല്‍വികളില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ്കൊല്‍ക്കത്ത. ആര്‍സിബിയോടേറ്റ ഒരു റണ്‍ തോല്‍വിയുടെ നിരാശ മാറ്റാന്‍ ഡല്‍ഹിയും. സന്തുലിതമായ ഡല്‍ഹിക്ക് മുന്നിലെത്തുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് തന്നെയാണ് നെഞ്ചിടിപ്പ്. അവസാന മല്‍സരം കൈവിട്ടെങ്കിലും ധവാന്റെയും പൃഥ്വി ഷായുടെയും മിന്നും തുടക്കമാണ് ഇതുവരെ ഡല്‍ഹിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.

ബാറ്റിംഗില്‍ ഷിംമ്രോന്‍ ഹെറ്റ്മയര്‍ കൂറ്റന്‍ അടികളുമായി ഫോമിലേക്ക് വന്നത് ഡല്‍ഹിയുടെ കരുത്ത് കൂട്ടും. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ ഇന്നും കളിച്ചേക്കും. അതേസമയം കൊല്‍ക്കത്ത നിരയില്‍ ശുഭ്മാന്‍ ഗില്‍ താളം കണ്ടെത്തിയിട്ടില്ല. 89 റണ്‍സ് മാത്രമാണ് ഗില്ലിന്റെ ഇതുവരെയുള്ള സംഭാവന.

സുനില്‍ നരെയ്നെ ഓപ്പണിംഗില്‍ മാറ്റി പരീക്ഷിക്കാനും സാധ്യതയുണ്ട്. ബൗളിംഗില്‍ പാറ്റ് കമ്മിന്‍സും നിരാശപ്പെടുത്തുന്നു. പരസ്പരം ഇരു ടീമുകളും ഏറ്റുമുട്ടിയ 27 കളികളില്‍ 14 തവണയും ജയിച്ചത് കൊല്‍ക്കത്തയാണ്. പക്ഷേ അവസാന അഞ്ച് കളിയില്‍ നാല് തവണയും ജയം ഡല്‍ഹിക്ക് ഒപ്പം നിന്നു.

 

Top