ഐപിഎല്ലിലെ പ്രകടനം; സാം കറനെ പ്രശംസിച്ച് പരിശീലകന്‍

ലണ്ടന്‍: ഐപിഎല്ലിലെ മത്സര പരിചയമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ മികച്ച താരമാക്കി മാറ്റിയതെന്ന് പരിശീലകന്‍ ഗ്രഹാം തോര്‍പ്പ്. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സാം കറനെ കോച്ച് പുകഴ്ത്തിയത്. 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി സാം കറന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

അതിസമ്മര്‍ദത്തില്‍ കളിക്കാന്‍ ഐപിഎല്‍ സഹായകമായി. സാം കറന്റെ ഹിറ്റിംഗ് മികവ് ഐപിഎല്ലില്‍ എപ്പോഴുമുണ്ട്. ഐപിഎല്ലില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സാം പന്തെറിയുന്നു. ഐപിഎല്ലിലൂടെ മികച്ച മത്സരപരിചയമുണ്ടായി. എന്നാല്‍ ബെന്‍ സ്റ്റോക്‌സിനെ പോലെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന മികവ് കാട്ടുകയാണ് സാമിന് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന് എന്നും ഗ്രഹാം തോര്‍പ്പ് പറഞ്ഞു.

ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് 23കാരനായ സാം കറന്‍. 2020ലെ താരലേലത്തില്‍ 5.5 കോടിക്കാണ് താരത്തെ ചെന്നൈ ടീം സ്വന്തമാക്കിയത്. ഈ സീസണില്‍ ഏഴ് മത്സരങ്ങളില്‍ 52 റണ്‍സും ഒന്‍പത് വിക്കറ്റും നേടി. ഐപിഎല്ലില്‍ 2019 മുതല്‍ കളിക്കുന്ന താരം 30 മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 333 റണ്‍സും 32 വിക്കറ്റും നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് കുപ്പായത്തില്‍ 2018ല്‍ അരങ്ങേറ്റം കുറിച്ച സാം കറന്‍ 21 ടെസ്റ്റ് മത്സരങ്ങളില്‍ 741 റണ്‍സും 44 വിക്കറ്റും സ്വന്തമാക്കി. 10 ഏകദിനങ്ങളില്‍ 12 വിക്കറ്റും 141 റണ്‍സും 16 അന്താരാഷ്ട്ര ടി20കളില്‍ 16 വിക്കറ്റും 91 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്.

 

Top