ഐപിഎല്ലിൽ ഇന്ന് ചെന്നൈ ബാംഗ്ലൂർ പോരാട്ടം

പിഎല്ലിലെ 49-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. രാത്രി 7.30-ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമിനും ഇന്നത്തെ കളി നിർണായകമാണ്.

കരുത്തർ അണിനിരക്കുന്നതാണ് ആർ‌സി‌ബി ബാറ്റിംഗ് നിര. പക്ഷേ ഒരു ടീം എന്ന നിലയിൽ അവർ ബഹുദൂരം പിന്നിൽ. മുൻ നായകൻ വിരാട് കോലി മോശം ഫോമിലാണ്. ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെല്ലിനും ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 124 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവർക്ക് സ്കോർ ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും, ഇവർക്ക് മേലുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്.

ആർസിബിയുടെ ബൗളിംഗ് നിര സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് തുടങ്ങിയ ഫാസ്റ്റ് ബൗളർമാർക്കൊപ്പം ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഹർഷൽ പട്ടേൽ കൂടി ചേരുമ്പോൾ ബൗളിംഗ് യൂണിറ്റ് ശക്തം. എന്നാലും ഹാട്രിക് തോൽവി ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ടീം. ജയത്തോടെ വിജയവഴിയിൽ തിരിച്ചെത്താനാണ് ഡു പ്ലെസി ശ്രമിക്കുക. 10 മത്സരങ്ങളിൽ നിന്ന് തുല്യ ജയവും തോൽവിയുമായി 10 പോയിന്റുള്ള ആർസിബി 6 ആം സ്ഥാനത്താണ്.

മറുഭാഗത്ത് സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈ ക്യാമ്പ്. ധോണി നായകനായി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ കളിയിൽ റിതുരാജ് ഗെയ്‌ക്‌വാദും ഡെവൺ കോൺവെയും മുകേഷ് ചൗധരിയും ഒക്കെ പുറത്തെടുത്ത പ്രകടനം ഇന്നും ഉണ്ടായാൽ സിഎസ്കെയ്ക്ക് അനായാസം ജയിച്ച് കയറാം.

Top