ഐപിഎല്‍; കൊല്‍ക്കത്തയെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അവസാന പന്തില്‍ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ മറികടന്നത്. താരതമ്യേന ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന ചെന്നൈ മികച്ച നിലയില്‍ നിന്ന് ഇടയ്ക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ട് പരാജയത്തിന്റെ വക്കില്‍ എത്തിയതാണ്.

12 പന്തില്‍ നിന്ന് 26 റണ്‍സ് വേണമെന്നിരിക്കെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറില്‍ രണ്ടു സിക്‌സറുകളും രണ്ടു ബൗണ്ടറികളും സഹിതം 20 റണ്‍സ് അടിച്ചെടുത്ത രവീന്ദ്ര ജഡേജയാണ് അവരെ ജയത്തിലേക്ക് എത്തിച്ചത്്. അവസാന ഓവറില്‍ ആറു പന്തില്‍ നിന്ന് നാലു റണ്‍സ് വേണമെന്നിരിക്കെ സുനില്‍ നരെയ്ന്‍ എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ സാം കറനും അഞ്ചാം പന്തില്‍ ജഡേജയും വീണതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീങ്ങുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ അവസാന പന്തില്‍ സിംഗിള്‍ നേടിയ ദീപക് ചഹാര്‍ ഒടുവില്‍ ചെന്നൈയെ വിജയവര കടത്തുകയായിരുന്നു.

സ്‌കോര്‍- കൊല്‍ക്കത്ത: 171/6 (20), ചെന്നൈ: 172/8 (20)

Top