ipl – bcci – water

മുംബൈ: ജലം പാഴാക്കുന്നത് പരമാവധി കുറയ്ക്കാന്‍, ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ചെടുക്കുമെന്ന് ബിസിസിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. മുംബൈയിലും പുണെയിലുമായി 17 ഐപിഎല്‍ മല്‍സരങ്ങളാണ് നടക്കേണ്ടത്.

മാത്രമല്ല, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നാഗ്പൂരിലെ എല്ലാ മല്‍സരങ്ങളും ഹോം ഗ്രൗണ്ടായ മൊഹാലിയിലേക്കു മാറ്റാന്‍ ടീം തയാറായതായും ബിസിസിഐ കോടതിയെ അറിയിച്ചു.

ഒന്‍പതു മല്‍സരങ്ങള്‍ പുണെയിലും എട്ടെണ്ണം മുംബൈയിലുമാണ് നടക്കുന്നത്. റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബിന്റെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലെ ശുദ്ധീകരണശാലയില്‍ നിന്ന് വെള്ളം നല്‍കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ റഫീഖ് ദാഡ ജഡ്ജിമാരെ അറിയിച്ചു.

ശുദ്ധീകരിച്ച വെള്ളം ഏഴ് – എട്ട് ടാങ്കറുകളിലായി എല്ലാ ദിവസവും റോയല്‍ വെസ്റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ് അധികൃതര്‍ എത്തിക്കുമെന്നും അറിയിച്ചു.

മാത്രമല്ല, എല്ലാഭാഗത്തുനിന്നുള്ള സമ്മര്‍ദം മൂലം ഐപിഎല്‍ മല്‍സരങ്ങള്‍ മറ്റുവേദികളില്‍ നടത്താന്‍ ബിസിസിഐ തയാറായെക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ കാണ്‍പൂര്‍, ഇന്‍ഡോര്‍, റാഞ്ചി സ്റ്റേഡിയങ്ങള്‍ പകരം വേദിയായി കണ്ടുവച്ചിട്ടുണ്ടായിരുന്നു.

നാഗ്പൂരിലെ മല്‍സരങ്ങള്‍ മൊഹാലിയിലേക്കു മാറ്റാമെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടന മല്‍സരം മുംബൈയില്‍ നടത്താന്‍ ഹൈക്കോടതി അനുവദിച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തയാറാകാത്തതിനാല്‍ വിഷയം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിഗണിക്കും.
വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളം സ്റ്റേഡിയത്തിനായി പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് സന്നദ്ധസംഘടനകളായ ലോക്‌സട്ടാ മൂവ്‌മെന്റും ഫൗണ്ടേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസുമാണ് പൊതുതാല്‍പ്പര്യഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വെള്ളം പാഴാക്കുന്നതിനെതിരെ ബിസിസിഐയെ നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

Top