ഐപിഎല്‍; പഞ്ചാബ് കിംഗ്‌സിനെതിരെ ബാംഗ്ലൂരിന് മികച്ച സ്‌കോര്‍

ഷാര്‍ജ: ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സിന് 165 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റണ്‍സാണ് നേടിയത്. 57 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്വല്‍ ആണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്.

പഞ്ചാബിനായി മോയിസസ് ഹെന്റിക്കസും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 4 ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങിയാണ് ഹെന്റിക്കസിന്റെ പ്രകടനം. 12 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയില്‍ പതറിയ ബാംഗ്ലൂരിനെ ബാറ്റിംഗിലൂടെ മാക്‌സ്വല്‍ ആണ് കരകയറ്റിയത്.

ബാംഗ്ലൂര്‍ നന്നായി ബാറ്റ് ചെയ്തു എന്നതിനപ്പുറം പഞ്ചാബിന്റെ പിഴവുകളാണ് ആദ്യ സമയങ്ങളില്‍ കണ്ടത്. മോശം ബൗളിംഗിനൊപ്പം പഞ്ചാബ് ഫീല്‍ഡിലും മോശം പ്രകടനമാണ് നടത്തിയത്. ചില ക്യാച്ചുകള്‍ അവര്‍ നിലത്തിടുകയും ചെയ്തു. ഇതോടെ ബാംഗ്ലൂര്‍ വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്തു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സിലെത്തിയ ബാംഗ്ലൂരിന്റെ സ്‌കോര്‍ നില പിന്നീട് വളരെ താഴ്ന്നു.

രവി ബിഷ്‌ണോയ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ അടുത്ത 6 ഓവറില്‍ പിറന്നത് വെറും 18 റണ്‍സ്. ഇതിനിടെ രവി ബിഷ്‌ണോയുടെ പന്തില്‍ ദേവ്ദത്തിനെ ലോകേഷ് രാഹുല്‍ പിടികൂടിയത് തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചത് വിവാദമായി. എന്നാല്‍ പിന്നീട് ധൃതിയില്‍ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് നഷ്ടമായി.

 

Top