ഐപിഎല്‍; ആസ്ട്രേലിയയുടെ ജോഷ് ഹേസില്‍വുഡ് പിന്മാറി

2021 ഐ.പി.എല്‍ സീസണില്‍ നിന്ന് പിന്മാറി ആസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ജോഷ് ഹേസില്‍വുഡ്. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബയോബബ്ള്‍ സംവിധാനം പാലിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സൂപ്പര്‍കിങ്സ് അംഗമായ ഹേസില്‍വുഡിന്റെ പിന്മാറ്റം. 2020 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജനുവരി വരെ ബയോബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നു ഹേസില്‍വുഡ്.

തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും 30കാരനായ ഹേസില്‍വുഡിനെ കാത്തിരിക്കുന്നുണ്ട്. അതിന് വേണ്ടി മാനസികവും ശാരീരികവുമായി ഒരുങ്ങുന്നതിന് വേണ്ടിയാണ് താരം ഐപിഎല്‍ ഒഴിവാക്കുന്നത്. 2020 ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിനായി മൂന്ന് മത്സരങ്ങള്‍ ഹേസില്‍വുഡ് കളിച്ചിട്ടുണ്ട്.

ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തേണ്ടതായിരുന്നു താരം. വ്യത്യസ്ത സമയങ്ങളിലായി പത്ത് മാസത്തിലേറെയായി ബയോബബള്‍ സംവിധാനത്തിന് കീഴിലാണ്. ക്രിക്കറ്റില്‍ നിന്ന് വിട്ട് അടുത്ത രണ്ട് മാസം വീട്ടിലും നാട്ടിലും ചെലവഴിക്കാനാണ് താത്പര്യമെന്ന് ഹേസല്‍വുഡ് വ്യക്തമാക്കി.

വെസ്റ്റ്ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയാണ് ആസ്ട്രേലിയയുടെ അടുത്ത പരമ്പരകള്‍. ഇതില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പരമ്പരയാണ്. ജോഷ് ഫിലിപ്പെ, മിച്ചല്‍ മാര്‍ഷ് എന്നീ ആസ്ട്രേലിയന്‍ താരങ്ങളും നേരത്തെ ഈ വര്‍ഷത്തെ ഐപിഎല്‍ കളിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം മികച്ച ഫോമില്‍ പന്തെറിയുന്ന ഹേസില്‍വുഡിന്റെ സേവനം നഷ്ടപ്പെടുന്നത് ചെന്നൈക്ക് തിരിച്ചിടിയാവും. എന്നാല്‍ ഹേസില്‍വുഡിന്റെ പകരക്കാരനെ സിഎസ്‌കെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു സിഎസ്‌കെ.

 

Top