ഐപിഎൽ ലേലം; കേരളത്തിന്റെ രോഹന്‍ കുന്നുമ്മലിനെ ആദ്യഘട്ടത്തില്‍ സ്വന്തമാക്കാതെ ടീമുകള്‍

കൊച്ചി: ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലുള്ള രോഹന്‍ കുന്നുമ്മലിനെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ ടീമുകളാരും സ്വന്തമാക്കിയില്ല. ലേലത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കേരള താരമാണ് രോഹന്‍. 20 ലക്ഷമായിരുന്നു അടിസ്ഥാന വില. ശുഭം ഖജൂരിയക്കായും ആരും രംഗത്തുവന്നില്ല. ഷെയ്‌ഖ് റഷീദിനെ 20 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി. ഹിമ്മത് സിംഗിനായും ആളുണ്ടായില്ല.

ഇന്ത്യന്‍ സ്‌പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയെ 50 ലക്ഷത്തിനും ഇംഗ്ലണ്ട് സ്‌പിന്നര്‍ ആദില്‍ റഷീദിനെ രണ്ട് കോടിക്കും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വെറ്ററന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ 50 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. ഓസീസ് പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനായി മുംബൈ ഇന്ത്യന്‍സ് 1.50 കോടി മുടക്കി. ഇംഗ്ലീഷ് താരങ്ങളായ റീസ് ടോപ്‌ലി 1.90 കോടിക്ക് ആര്‍സിബിയിലും ഫിലിപ് സാള്‍ട്ട് 2 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലുമെത്തി. മുജീബ് ഉര്‍ റഹ്‌മാന്‍, തബ്രൈസ് ഷംസി, ആദം സാംപ, ആക്കീല്‍ ഹെസൈന്‍, ആദം മില്‍നെ ക്രിസ് ജോര്‍ദാന്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ടീമിലെത്തിക്കാന്‍ ആരുമുണ്ടായില്ല.

Top