ശ്രീശാന്തിനെ ആരും വിളിച്ചില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് 30 ലക്ഷം രൂപ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായി. മലയാളി താരം ശ്രീശാന്ത് ഐപിഎല്ലിനില്ല.സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെ ഇത്തവണയും 30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം രൂപയായിരുന്നു. മലയാളി താരം വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജോഫ്രാ ആര്‍ച്ചറിനായി മത്സരിച്ച് ലേലം വിളിച്ച് ടീമുകള്‍. മുന്‍ ടീമായി രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് താരത്തെ സ്വന്തമാക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നത്.

ഒടുവില്‍ എട്ട് കോടിയ്ക്ക് മുംബൈ ആര്‍ച്ചറിനെ സ്വന്തമാക്കി. രണ്ട് കോടി രൂപയായിരുന്നു ആര്‍ച്ചറുടെ അടിസ്ഥാന വില.

ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണാണ് താര ലേലത്തിന്റെ രണ്ടാം ദിനം ഇതുവരെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുമായി ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ എത്തിയ ലിവിങ്സ്റ്റണിനെ 11.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ വെസ്റ്റിന്‍ഡീസ് താരം ഒഡേന്‍ സ്മിത്തിനെ ആറ് കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഒരു കോടിയായിരുന്നു അടിസ്ഥാന വില.

Top