നാല് വർഷത്തിന് ശേഷം സുരക്ഷാ കവചമണിഞ്ഞ് തിരിച്ചുവരവ്: രണ്ടുവിക്കറ്റുമായി തിളങ്ങി ഋഷി ധവാൻ

മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന്റെ റിഷി ധവാൻ മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള മുഖാവരണം അണിഞ്ഞാണ്. ഐപിഎൽ പതിനഞ്ചാം സീസണിൽ ഓൾറൌണ്ടറുടെ ആദ്യ മത്സരമായിരുന്നു ഇത്.
32-കാരനായ ഋഷി ധവാന്റെ ഐപിഎല്ലിലെ തിരിച്ചുവരവിനൊപ്പം അദ്ദേഹം കഴിഞ്ഞ ദിവസം മുഖത്ത് വെച്ച സുരക്ഷാ കവചം കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രഞ്ജി ട്രോഫിക്കിടെ അദ്ദേഹത്തിന് മൂക്കിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ശസ്ത്രക്രിയയും നടത്തി. ഇതാണ് ഋഷി ധവാൻ സുരക്ഷാ കവചം ധരിക്കാൻ കാരണം.

ശസ്ത്രിക്രിയയെ തുടർന്ന് ഐപിഎൽ ഈ സീസണിലെ പ്രാരംഭ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പഞ്ചാബിന്റെ എട്ടാമത്തെ മത്സരത്തോടെയാണ് ധവാൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ധോനിയുടേയും ശിവം ദുബെയുടേയും നിർണായക വിക്കറ്റുകൾ വീഴ്ത്തിയാണ് ഋഷി ധവാൻ തിരിച്ചുവരവ് ആഘോഷിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ പഞ്ചാബ് ജയിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ച് സീസണുകളിൽ നിന്ന് വിട്ടുനിന്ന ശേഷം ചെന്നൈക്കെതിരായ മത്സരത്തിലൂടെ ഐപിഎല്ലിൽ തിരിച്ചെത്തിയിരിക്കുകയാണ് പഞ്ചാബ് കിങ് ഓൾറൗണ്ടർ ഋഷി ധവാൻ. ഹിമാചൽ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐപിഎൽ ലേലത്തിൽ 55 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ഋഷി ധവാനെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം നടന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചലിനെ നയിച്ചത് അദ്ദേഹമായിരുന്നു.

 

 

Top