ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-മുംബൈ പോര്

പൂനെ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. താരലേലത്തിന് ശേഷം പുതിയ ടീമാണെങ്കിലും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസിൻറെ തുടക്കത്തിൽ വലിയ മാറ്റമൊന്നുമില്ല. ആദ്യ മൂന്ന് കളിയിലും തോറ്റു. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വരുന്നത്.

ഇഷാൻ കിഷൻ തകർത്തടിക്കുന്നുണ്ടെങ്കിലും നായകൻ രോഹിത് ശർമ്മയ്ക്ക് ഇതുവരെ ബാറ്റിംഗിൽ ഫോമിലേക്ക് എത്താനായിട്ടില്ല. സൂര്യകുമാർ യാദവിനൊപ്പം തിലക് വ‍ർമ്മയുടെ പ്രകടനം മുംബൈയ്ക്ക് ആശ്വാസമാണ്. ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗള‍ർമാരെല്ലാം നിയന്ത്രണമില്ലാതെയാണ് റൺ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പാറ്റ് കമ്മിൻസിൻറെ വെടിക്കെട്ടിൽ നിന്ന് ബൗളർമാ‍‍ർ മുക്തരായാൽ മാത്രമേ മുംബൈയ്ക്ക് രക്ഷയുള്ളൂ.

അവസാന രണ്ട് കളിയിൽ ജയിച്ചെങ്കിലും ബാംഗ്ലൂരിനും ആശങ്കകളേറെയുണ്ട്. ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. ഗ്ലെൻ മാക്സ്‍വെൽ മധ്യനിരയിൽ തിരിച്ചെത്തിയത് കരുത്താവും. ഇതോടെ റുതർഫോർഡിന് സ്ഥാനം നഷ്‌ടമാവും. പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിൻറെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെ. ഹ‍ർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിര സമ്മ‍ർദം എങ്ങനെ അതിജീവിക്കുന്നു എന്നതും ബാംഗ്ലൂരിന് നി‍ർണായകം. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.

Top