നായകന്മാരെ വിടാതെ ടീമുകള്‍; ഐപിഎല്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു

മുംബൈ: ഐപിഎല്‍ അടുത്ത സീസണിലും എംഎസ് ധോനിയും രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്സിലും കെയ്ന്‍ വില്ല്യംസണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിലും കളിക്കും. ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ പുറത്തുവിട്ടു.

ഇതില്‍ ധോനിക്കും ജഡേജയ്ക്കുമൊപ്പം റുതുരാജ് ഗെയ്ക്ക്വാദിനേയും മോയിന്‍ അലിയേയും ചെന്നൈ നിലനിര്‍ത്തി. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരേയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയത്.

ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും അടുത്ത സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പം ഉണ്ടാകും. വിരാട് കോലിയേയും ഗ്ലെന്‍ മാക്സ്വെല്ലിനേയുമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്. ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, അന്റിച്ച് നോര്‍ദേ എന്നിവര്‍ അടുത്ത സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഉണ്ടാകും. രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തി.

2022 സീസണ്‍ മുതല്‍ പത്ത് ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്നത്. നിലവില്‍ ഓരോ ഫ്രാഞ്ചൈസിക്കും നാല് താരങ്ങളെ നിലനിര്‍ത്താം. രണ്ടു വീതം ഇന്ത്യന്‍, വിദേശ താരങ്ങള്‍ അല്ലെങ്കില്‍ മൂന്നു ഇന്ത്യന്‍ താരവും ഒരു വിദേശിയും എന്ന രീതിയില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.

പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയര്‍ പൂളില്‍ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. ടീമുകള്‍ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top